എസ്തർ അനിൽ ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Malayalam

ഇറ്റ് ഈസ് 'അൺഎക്സ്പെക്റ്റഡ്'; എസ്തർ അനിൽ ബോളിവുഡിലേക്ക്

പപ്പപ്പ ഡസ്‌ക്‌

ബോളിവുഡ് താരങ്ങളായ സഞ്ജയ് കപൂർ, പ്രശാന്ത് നാരായണൻ എന്നിവർക്കൊപ്പം മലയാളതാരം എസ്തർ അനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അൺഎക്സ്പെക്റ്റഡ്-സഫേദ് സച്' എന്ന ബഹുഭാഷാ ക്രൈം ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗരുഡവേഗ ആഞ്ജി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം,ഹിന്ദി ഉൾപ്പെടെ ഒമ്പത് ഭാഷകളിലായി ഒരുങ്ങുന്നു. പൃധ്വിരാജ്, തമ്പി രാമയ്യ, സഞ്ജയ് സിങ്, ഗഞ്ചാ കറുപ്പ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

മലയാള സിനിമയിൽ ബാലതാരമായി ശ്രദ്ധേയമായ തുടക്കം കുറിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തർ അനിൽ. മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം' എന്ന സൂപ്പർഹിറ്റ് സിനിമയിൽ മോഹൻലാലിന്റെ ഇളയ മകളായ അനുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് എസ്തർ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. മികച്ച അഭിനയത്തിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് തമിഴ്,തെലുങ്ക് ഭാഷകളിലെ സിനിമകളിലും സാന്നിധ്യമറിയിച്ചു.

'അൺഎക്സ്പെക്റ്റഡ്-സഫേദ് സച്'എന്ന ചിത്രത്തിന്റെ പോസ്റ്റർ

ബോളിവുഡ് താരം സഞ്ജയ് കപൂർ, അന്വേഷണ ഉദ്യോഗസ്ഥനായ എസ്.എസ്.പി. ഭരത് സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'മർഡർ 2', 'ഭാഗ് ജോണി', 'ധരം സങ്കട് മേം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നാരായണൻ സുപ്രധാന വേഷത്തിലെത്തുന്നു.

ഡെറാഡൂൺ ഇന്റർസ്റ്റേറ്റ് ബസ് ടെർമിനലിൽ(ഐഎസ്ബിടി) നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട പീഡന സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സ്ത്രീസുരക്ഷ, നീതി, പൊതുസുരക്ഷ, ഉത്തരവാദിത്തപ്പെട്ട പോലീസ് അന്വേഷണം തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ,ആകാംക്ഷ നിറഞ്ഞ പശ്ചാത്തലത്തിൽ ദൃശ്യവത്കരിക്കുന്നു.

എസ്തർ അനിൽ

യാഷ് വീര ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം പ്യാരേലാൽ ഗുണ്ടേച്ച(സോജത് റോഡ് വാല)യാണ് നിർമിക്കുന്നത്.കെവിൻ റോയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗർവാലി, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി എന്നീ ഒമ്പത് ഭാഷകളിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം 2027-ൽ ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. പിആർഒ-എ.എസ് ദിനേശ്,മനു ശിവൻ.