'ലോക: ചാപ്റ്റർ 1-ചന്ദ്ര' ഹിറ്റാകുന്നതിനു മുമ്പുതന്നെ താൻ ഉൾപ്പെടുന്ന അണിയറപ്രവർത്തകർ പരാജയം നേരിടാൻ മാനസികമായി തയാറെടുത്തിരുന്നുവെന്ന് നടനും നിർമാതാവുമായ ദുൽഖർ സൽമാൻ. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റിലീസിനു മുമ്പ് തന്റെ നിർമാണക്കമ്പനി നേരിട്ട പ്രതിസന്ധികളെക്കുറിച്ചു ദുൽഖർ തുറന്നുപറഞ്ഞത്.
'ലോക:'ഏഴാമത്തെ നിർമാണ സംരംഭമാണ്. ഇതിനുമുമ്പുള്ള ചിത്രങ്ങൾ റിലീസിനു മുമ്പുതന്നെ വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ 'ലോക:' യിൽ അങ്ങനെ സംഭവിച്ചില്ല. സിനിമ വിതരണത്തിനെടുക്കാൻ പോലും ആരും തയാറായില്ല. അത് ടീം അംഗങ്ങളിൽ നിരാശയുണ്ടാക്കി. ഒടുവിൽ ഞങ്ങൾതന്നെ സിനിമ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു. ഒരു നടനെന്ന നിലയിൽ, എന്റെ ഒരു സിനിമയും ഇത്രയും സൂപ്പർ ഹിറ്റ് ആയിട്ടില്ല. ആഗോളതലത്തിൽ സിനിമ അംഗീകരിക്കപ്പെട്ടു. 'ലോക:' ഇപ്പോളൊരു സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതാണ് ഏറ്റവും ആവേശകരമായ കാര്യം...' ദുൽഖർ പറഞ്ഞു.
'സത്യം പറഞ്ഞാൽ, നഷ്ടത്തിനു ഞങ്ങൾ തയാറെടുക്കുകയായിരുന്നു. വാണിജ്യപരമായി മികച്ചുനിൽക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ, ഞങ്ങൾ സിനിമയിൽ വിശ്വസിച്ചു. പിന്നീടുണ്ടായത് അസാധാരണമായ സംഭവമായിരുന്നു, ചരിത്രമായി മാറുകയും ചെയ്തു. ആദ്യദിവസം മുതൽ തന്നെ ലോകയ്ക്കു രാജ്യത്തിന്റെ എല്ലാ കോണുകളിൽനിന്നു മികച്ച റിപ്പോർട്ടുകൾ ലഭിക്കാൻ തുടങ്ങി. ഇന്ത്യയിലുടനീളമുള്ള പ്രതികരണങ്ങൾ ഞാൻ കണ്ടു. ഇന്നത്തെ പ്രേക്ഷകർ വ്യത്യസ്ത ഭാഷകളെയും കഥപറച്ചിലിന്റെ ശൈലികളെയും എങ്ങനെ സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകയുടെ വൻ വിജയം. റിലീസ് ദിവസം തന്നെ ആളുകൾ മികച്ച റിവ്യൂ നൽകി. സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവച്ചു. റീലുകൾ നിർമിച്ചു. അതെല്ലാം അതിശയകരമായിരുന്നു...' ദുൽഖർ കൂട്ടിച്ചേർത്തു. സിനിമയുടെ ആഗോളവിജയം മുഴുവൻ ടീമിനെയും അത്ഭുതപ്പെടുത്തിയെന്നും ദുൽഖർ തുറന്നുസമ്മതിച്ചു.