ദുൽഖർ സൽമാനും മകൾ മറിയവും പാരീസിൽ ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Malayalam

പാരീസിൽ ഒരു ബൈക്ക് യാത്ര; മറിയത്തിന് ദുൽഖറിന്റെ പിറന്നാൾ സമ്മാനം

പപ്പപ്പ റിപ്പോര്‍ട്ടര്‍

മകള്‍ മറിയത്തിന്റെ ജന്മദിനം പാരീസില്‍ ആഘോഷമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബവും. മകള്‍ക്കൊപ്പമുള്ള പാരീസ് യാത്രയിലെ മനോഹരമായ നിമിഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. മറിയത്തിന്റെ പിറന്നാള്‍ ദിനമായ മേയ് അഞ്ചിന്, പാരീസ് നഗരത്തിലൂടെ ദുല്‍ഖര്‍ മകളെ ബൈക്കിലിരുത്തി സവാരി നടത്തി. പ്രമുഖ വ്യവസായി നാരായണന്‍ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് ബ്രാന്‍ഡിന്റെ പാരീസ് ലോഞ്ചിനോട് അനുബന്ധിച്ചായിരുന്നു യാത്ര.

ദുൽഖർ സൽമാൻ മകൾ മറിയത്തിനൊപ്പം പാരീസിൽ ബൈക്ക് യാത്രയിൽ

അള്‍ട്രാവയലറ്റ് എഫ് 77 എന്ന ഹൈ-പെര്‍ഫോമന്‍സ് ബൈക്കിലാണ് ഇരുവരും നഗരം ചുറ്റിയത്. 'കൂടെ നടക്കാന്‍ പറ്റിയ ഏറ്റവും നല്ല ചെറിയ വലിയ ആള്‍' എന്നാണ് മറിയത്തെ ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓര്‍മകളില്‍ ഒന്നായിരിക്കും ഈ യാത്രയെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ദുൽഖർ സൽമാൻ, ഭാര്യ അമാൽ സൂഫിയ, മകൾ മറിയം

ദുല്‍ഖറിന്റെ മാതാവ് സുല്‍ഫത്തിന്റെ ജന്മദിനത്തിനു തൊട്ടടുത്ത ദിവസമാണ് മറിയത്തിന്റെയും പിറന്നാള്‍ വരുന്നത്. കഴിഞ്ഞ ദിവസം മാതാവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ പങ്കുവച്ച കുറിപ്പും വൈറലായിരുന്നു. തന്റെ ജീവിതത്തിലെ 'ആദ്യത്തെ സ്‌നേഹം' എന്നാണ് താരം അമ്മയെ വിശേഷിപ്പിച്ചത്. സ്വകാര്യജീവിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാത്ത ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും, മകളുടെ വിശേഷങ്ങള്‍ അപൂര്‍വമായി മാത്രമേ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുള്ളു.

'ആര്‍ഡിഎക്‌സ്' സംവിധായകന്‍ നഹാസ് ഹിദായത്ത് ഒരുക്കുന്ന 'ഐ ആം ഗെയിം' ആണ് ദുല്‍ഖറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. കൂടാതെ, 'ആകാശത്തിലോ ഒക്ക താര' എന്ന തെലുങ്ക് ചിത്രത്തിലും ദുല്‍ഖര്‍ നായകനാകുന്നു. ശ്രുതി ഹാസനാണ് നായിക.