ബോളിവുഡ് താരം ദീപിക പദുകോണിന്റെ എട്ടു മണിക്കൂര്‍ ഷിഫ്റ്റ് എന്ന നിര്‍ദേശത്തില്‍ പ്രതികരിച്ച് മലയാളികളുടെയും തെന്നിന്ത്യയുടെയും പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. പ്രഭാസിന്റെ സ്പിരിറ്റില്‍ നിന്നും 2898 കല്‍ക്കി 2-ാം ഭാഗത്തില്‍നിന്നും ദീപിക പിന്മാറിയതോടെയാണ് ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തില്‍ എട്ടു മണിക്കൂര്‍ ജോലി വ്യാപക ചര്‍ച്ചയായി മാറിയത്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖതാരങ്ങള്‍ ദീപികയുടെ അഭിപ്രായത്തോടു പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണമാണ് വൈറലായത്. ടിആര്‍ ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
സിനിമ ജോലിയല്ല, ജീവിതശൈലിയാണ് എന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. ഓരോ പ്രാദേശിക സിനിമാവ്യവസായത്തിനും അതിന്റേതായ രീതികളുണ്ടെന്നും ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘവും തുടര്‍ച്ചയായതുമായ ദിവസങ്ങള്‍ മലയാള സിനിമയിലെ സാധാരണ ചിത്രീകരണരീതിയാണ്. വര്‍ഷങ്ങളായി അതു തുടരുന്നു. മലയാളത്തില്‍ വേഗത്തില്‍ സിനിമ പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണന എന്നും ദുല്‍ഖര്‍ പറഞ്ഞു. ചിലപ്പോള്‍ ബുദ്ധിമുട്ടേറിയതും കഠിനവുമായിരിക്കാമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
2018ല്‍ മഹാനടി എന്ന തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലാണ് തന്റെ ജീവിതത്തില്‍ ആദ്യമായി ആറു മണിക്കൂര്‍ ജോലി ചെയ്തതെന്നും താരം പറഞ്ഞു. അതേസമയം, തമിഴ് വ്യവസായം ഇതില്‍നിന്നു വളരെ വ്യത്യസ്തമാണെന്നും ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു. എട്ടു മണിക്കൂര്‍ ചിത്രീകരണത്തിലേക്കു മാറാത്തതിന്റെ പിന്നിലെ പ്രധാന കാരണം സാമ്പത്തികബാധ്യതയാണെന്നും അങ്ങനെ മാറിയാല്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നിര്‍മാതാക്കള്‍ നേരിടേണ്ടിവരുമെന്നും ദുല്‍ഖര്‍ തുറന്നുപറഞ്ഞു.
എട്ടു മണിക്കൂര്‍ ചിത്രീകരണം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റില്‍നിന്ന് താരം പിന്മാറുന്നത്. തുടര്‍ന്ന് പ്രഭാസിന്റെ കല്‍ക്കിയില്‍നിന്നു താരം പിന്മാറിയതോടെ എട്ടു മണിക്കൂര്‍ അഭിനയം എന്നത് ചലച്ചിത്രവ്യവസായത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടു.