മലയാള സിനിമയുടെ ചരിത്രത്തില്‍ വീണ്ടുമൊരു സുവര്‍ണ അധ്യായം കുറിച്ച് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ദൃശ്യം'. ഇതാദ്യമായി ഒരു മലയാള ചിത്രം ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന ഖ്യാതിയോടെ, 'ദൃശ്യ'ത്തിന്റെ ഇന്തോനേഷ്യന്‍ പതിപ്പ് ഓഗസ്റ്റ് 20-ന് അന്താരാഷ്ട്രതലത്തില്‍ റിലീസിന് ഒരുങ്ങുന്നു.
'അയാഹ്, അകു മൗ ചെരിത...' (അച്ഛാ, എനിക്കൊരു കാര്യം പറയാനുണ്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം വന്‍ തരംഗമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിയറ്ററുകളില്‍ 'ദൃശ്യം 3' തരംഗം സൃഷ്ടിക്കുന്ന വേളയിലാണ് പുതിയ പ്രഖ്യാപനവും എത്തിയിരിക്കുന്നത്.
ഡാനിയല്‍ റിഫ്കി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഇന്തോനേഷ്യയിലെ പ്രശസ്ത താരദമ്പതികളായ വിനോ ജി. ബാസ്റ്റ്യനും മാര്‍ഷ തിമോത്തിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. യഥാര്‍ഥ ജീവിതത്തിലെ ദമ്പതികള്‍ സിനിമയില്‍ നേര്‍ക്കുനേര്‍ പോരാടുന്ന പ്രതിയോഗികളായിട്ടാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് എന്നത് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്.
കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന പിതാവായി (മലയാളത്തിലെജോര്‍ജുകുട്ടി) വിനോ ജി. ബാസ്റ്റ്യന്‍ വേഷമിടുന്നു. കാണാതായ മകനെ തിരഞ്ഞു ഇറങ്ങുന്ന ശക്തയായ പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ മാര്‍ഷ തിമോത്തി എത്തുന്നു. നിക്കെന്‍ അഞ്ജനി, സിവ മാഗ്‌നോളിയ, ഗുണാവന്‍, പ്രിറ്റ് തിമോത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. പ്രശസ്ത സ്പാനിഷ് സംവിധായകന്‍ ഓറിയോള്‍ പൗലോയുടെ സിനിമകള്‍ ഇന്തോനേഷ്യന്‍ പശ്ചാത്തലത്തിലേക്ക് മികച്ച രീതിയില്‍ മാറ്റിയെടുത്ത ഡാനിയല്‍ റിഫ്കിയുടെ സംവിധാനം ചിത്രത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഫാല്‍ക്കണ്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസര്‍ ഫ്രെഡറിക്ക വ്യക്തമാക്കി.
'ദൃശ്യം ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമായി മാറിയതില്‍ ഏറെ സന്തോഷമുണ്ട്. ജക്കാര്‍ത്തയിലെ ഫാല്‍ക്കണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ലാല്‍ സാര്‍ അഭിനയിച്ച്, പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഭാഷകളുടെയും രാജ്യങ്ങളുടെയും അതിരുകള്‍ ഭേദിക്കുമ്പോള്‍, നിര്‍മാതാവ് എന്ന നിലയിലുള്ള സന്തോഷവും അഭിമാനവും ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു.'- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.