'ദൃശ്യം 3' ട്രെയിലർ അനൗൺസ്മെന്റ് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

എന്തൊക്കെയാകും സസ്പെൻസുകൾ..?'ദൃശ്യം 3' ട്രെയിലർ ഇന്നു വൈകീട്ട് 7ന്

പപ്പപ്പ റിപ്പോര്‍ട്ടര്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് ബിഗ് ബജറ്റ് ചിത്രം 'ദൃശ്യം 3'യുടെ ട്രെയിലര്‍ ശനിയാഴ്ച പുറത്തിറങ്ങും. വൈകീട്ട് 7ന് ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്ന് മോഹന്‍ലാല്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. 'പേട്രിയറ്റ്' എന്ന ചിത്രത്തിനു ശേഷം മേയില്‍ മോഹന്‍ലാലിന്റെ രണ്ടാമത്തെ വലിയ റിലീസാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 21 ന് ഇന്ത്യൻസമയം രാവിലെ എട്ടിനാണ് ലോകമെമ്പാടും ദൃശ്യം 3 ആദ്യപ്രദർശനം.

മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസന്‍, മുരളി ഗോപി, സിദ്ദിഖ്, ആശാ ശരത് തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസര്‍ ആറ് മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബില്‍ തരംഗമായിരുന്നു.

'ദൃശ്യം 3' പോസ്റ്റർ

മുന്‍ഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായി ഇതൊരു സസ്‌പെന്‍സ് ത്രില്ലറല്ലെന്നും, മറിച്ച് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം പറയുന്ന ഫാമിലി ഡ്രാമയാണെന്നും സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വരുണിന്റെ കേസില്‍നിന്ന് രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ ജീവിതത്തില്‍ പിന്നീടു സംഭവിക്കുന്ന കാര്യങ്ങളാകും ചിത്രം ചര്‍ച്ച ചെയ്യുക. വഞ്ചനയുടെയും സത്യത്തിന്റെയും പരിണതഫലങ്ങളുടെയും കഥയാണ് മൂന്നാം ഭാഗമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.