ജോർജുകുട്ടിയെയും കുടുംബത്തെയും കാത്തിരിക്കുന്ന വെല്ലുവിളികൾ എന്തെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേഷകർക്കു മുന്നിലേക്ക് ദൃശ്യം 3 യുടെ ട്രെയിലർ എത്തിയതോടെ വിവിധതരം പ്രവചനങ്ങൾക്ക് പിന്നാലെയാണ് സോഷ്യൽമീഡിയ. ട്രെയിലർ റിലീസിന്റെ പിറ്റേന്നുതന്നെ അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചതോടെ എവിടെയും 'ദൃശ്യം' തരംഗംമാത്രമാണ് ദൃശ്യമാകുന്നത്. പ്രതികരണമാണ് ട്രെയിലറിനും അഡ്വാൻസ്ബുക്കിങ്ങിനും. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21 ന് ഇന്ത്യൻസമയം രാവിലെ എട്ടിനാണ് ലോകമെമ്പാടും ദൃശ്യം 3 ആദ്യപ്രദർശനം.
വീടിനുമുന്നിലേക്ക് ഇരുട്ടിലേക്ക് വരുന്ന ജോർജുകുട്ടിയിലാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നെ ശാന്തി മായാദേവി അവതരിപ്പിക്കുന്ന വക്കീൽ കഥാപാത്രം ജോർജുകുട്ടിയും കുടുംബവുമായി സംസാരിക്കുന്ന രംഗത്തിലൂടെ പുരോഗമിച്ച് സസ്പെൻസ് നിറഞ്ഞ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ ജോർജുകുട്ടിയും വക്കീലും തമ്മിലുള്ള സംഭാഷണത്തിൽ അവസാനിക്കുന്നു.
'ഇനി അങ്ങനെയൊന്നും ചിന്തിക്കേണ്ട..എല്ലാം കഴിഞ്ഞില്ലേ' എന്ന് ശാന്തിയുടെ കഥാപാത്രം ചോദിക്കുമ്പോൾ കഴിഞ്ഞോ എന്നാണ് ജോർജ് കുട്ടിയുടെ ചോദ്യം. ആ സസ്പെൻസിനുള്ള ഉത്തരമായിരിക്കും ദൃശ്യം 3. മൊബൈൽഫോൺ ചിത്രത്തിൽ നിർണായകമാകും എന്ന് സൂചിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറിന്റെ മറ്റൊരു പ്രത്യേകത.
ജീത്തു ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ശനിയാഴ്ച്ച ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു ട്രെയിലർ പ്രകാശനം. ഒരു ദുരന്തത്തിൻ്റെ വേട്ടയാടലുമായി ജീവിക്കുന്ന ജോർജ് കുട്ടിയുടേയും കുടുംബത്തിൻ്റെ സംഘർഷങ്ങളാണ് ദൃശ്യം മൂന്നാംഭാഗത്തിന്റെ കാതൽ എന്നാണ് ട്രെയിലർ സൂചന നൽകുന്നത്.
'പോലീസിനും ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണന്നു നന്നായിട്ടറിയാം..' 'ജോർജുകുട്ടി തന്നെയല്ലേ പറഞ്ഞത് .... പ്രശ്‌നങ്ങളൊക്കെ തീർന്നു,ഇനി പേടിക്കാനൊന്നുമില്ലാന്ന്..' 'പോലീസ്സിൻ്റെ രീതികൾ മുൻകൂട്ടി കണ്ടു കളിക്കുന്ന ആളാണല്ലോ അയാൾ..'അപ്പോൾ പൊലീസുകാരും അയാളുടെ ഒരു ഫാനാണ്..' ഇങ്ങനെ ട്രെയിലറിൽ കേൾക്കുന്ന സംഭാഷണങ്ങൾ ചിത്രത്തിൻ്റെ കഥാഗതിയുടെ സാരംശം തന്നെയാണ്.
വീണനന്ദകുമാറും ശിവ ഹരിഹരനും അവതരിപ്പിക്കുന്ന മാധ്യമപ്രവർത്തകരുടെ കഥാപാത്രങ്ങളായിരിക്കും മൂന്നാംഭാഗത്തിന്റെ കഥാഗതിയെ നിർണയിക്കുന്നതിൽ പ്രധാനികൾ എന്നും ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നു.
'എൻ്റെ കഴിഞ്ഞ 48വർഷത്തെ അഭിനയ ജീവിതത്തിൽ കിട്ടിയ മികച്ച ഒരു ക്യാരക്ടറാണ് ജോർജുകുട്ടി. ആ ക്യാരക്ടർ എന്താണന്ന് എനിക്കു പോലും അറിയാത്ത തരത്തിൽ ജോർജുകുട്ടി വേറൊരാളായിമാറി. എൻ്റെ ഫാമിലിക്കൊന്നും സംഭവിക്കില്ല..അതിനു ഞാൻ വാക്കു തരുന്നു..ആ ഒറ്റ വാക്കിലാണയാളുടെ ജീവിതം'- മോഹൻലാൽ ജോർജുകുട്ടിയെക്കുറിച്ച് പറഞ്ഞിതിങ്ങനെ.
മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസന്‍, മുരളി ഗോപി, സിദ്ദിഖ്, ആശാ ശരത് തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റെ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസര്‍ ആറ് മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബില്‍ തരംഗമായിരുന്നു.
മുന്‍ഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായി ഇതൊരു സസ്‌പെന്‍സ് ത്രില്ലറല്ലെന്നും, മറിച്ച് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം പറയുന്ന ഫാമിലി ഡ്രാമയാണെന്നും സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വരുണിന്റെ കേസില്‍നിന്ന് രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ ജീവിതത്തില്‍ പിന്നീടു സംഭവിക്കുന്ന കാര്യങ്ങളാകും ചിത്രം ചര്‍ച്ച ചെയ്യുക. വഞ്ചനയുടെയും സത്യത്തിന്റെയും പരിണതഫലങ്ങളുടെയും കഥയാണ് മൂന്നാം ഭാഗമെന്നാണ് ട്രെയിലർ പറയാതെ പറയുന്നത്.