'ഇപ്പോ പേടിയാ സാറേ..ഇതുപോലെ ആരൊക്കെയുണ്ടെന്ന് എനിക്കറിയില്ല..,'ജോർജുകുട്ടിയുടെ ഏകാന്തമായ ഏറ്റുപറച്ചിലിന്റെ ദൃശ്യങ്ങളുമായി 'ദൃശ്യം' മൂന്നാംഭാഗത്തിന്റെ ടീസർ എത്തി. ഒന്നാംഭാഗത്തിന്റെയും രണ്ടാംഭാഗത്തിന്റെയും ഓർമപ്പെടുത്തലോടെ ആരംഭിക്കുന്ന ടീസർ പള്ളിക്കുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന ജോർജുകുട്ടിയിലൂടെയാണ് വികസിക്കുന്നത്. വൈകാരികമുഹൂർത്തങ്ങളാകും ദൃശ്യം മൂന്നാംഭാഗത്തിന്റെ ഉൾക്കരുത്ത് എന്നുറപ്പിക്കുന്നതാണ് ഒരുമിനിട്ട് 50സെക്കൻഡ് ദൈർഘ്യമുള്ള ടീസർ.
മോഹൻലാലിന്റെ ജോർജുകുട്ടിക്കുപുറമേ മീന,അൻസിബ,എസ്തർ,ആശാശരത്,സിദ്ദിഖ്,മുരളി ഗോപി എന്നിവരുടെ കഥാപാത്രങ്ങളും ടീസറിലുണ്ട്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ജീത്തുജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ദൃശ്യം മൂന്നാംഭാഗത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ക്യാമറ-സതീഷ് കുറുപ്പ്. നേരത്തെ ഏപ്രിൽ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. 'കഴിഞ്ഞുപോയ കാര്യങ്ങള്‍ ഒരിക്കലും നിശബ്ദമായിരിക്കില്ല... അത് കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നത്. ജോര്‍ജുകുട്ടി എത്തുന്നു, മേയ് 21ന്.' എന്ന കുറിപ്പോടെ മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.
മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമാനായ ക്രിമിനൽ എന്നുവിശേഷിപ്പിക്കപ്പെടുന്നയാളാണ് ദൃശ്യത്തിലെ ജോർജുകുട്ടി. തിയേറ്ററിൽ ചരിത്രമെഴുതിയ ആദ്യഭാഗത്തിനുശേഷം രണ്ടാം ഭാഗം ഒടിടി റിലീസായാണ് പ്രേക്ഷകരിലെത്തിയത്. 2021-ല്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ മാത്രം പുറത്തിറങ്ങിയ ഇത് മൂന്നാഭാഗത്തിനുമുന്നോടിയായി ഏപ്രില്‍ 10-ന് ചിത്രം ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.