സിനിമാചരിത്രത്തിന്റെ താളുകളിലേക്ക് 'ജോര്‍ജുകുട്ടി' എന്ന പേര് ജീത്തു ജോസഫ് എന്ന സംവിധായകപ്രതിഭ എഴുതിച്ചേര്‍ത്തിട്ട് പതിമൂന്നു വര്‍ഷം പിന്നിടുന്നു. ദൃശ്യത്തിന്റെ ആദ്യ പതിപ്പ് മുതല്‍ ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിലെ റീമേക്കുകളില്‍ വരെ ഒരു കാര്യം മാത്രം മാറ്റമില്ലാതെ തുടരുന്നു, വരുൺ പ്രഭാകറിന്റെ കൊലപാതകവും, അസ്ഥികൂടം തേടിയുള്ള പോലീസിന്റെ നെട്ടോട്ടവും.
'ദൃശ്യം 3' തിയറ്ററുകളിലേക്ക് എത്തുമ്പോള്‍, ബോക്‌സ് ഓഫീസ് ചരിത്രങ്ങളെല്ലാം തിരുത്തിക്കുറിച്ച ഈ ഫ്രാഞ്ചൈസിയുടെ തുടക്കത്തെക്കുറിച്ചും, ആദ്യ ഭാഗത്തില്‍ തന്നെ കഥാവശേഷനായിട്ടും ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന വരുൺ എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ റോഷന്‍ ബഷീര്‍.
2013-ലെ ദൃശ്യം ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് റോഷന്‍ ഇന്‍സ്റ്റഗ്രാമില്‍ മനസുതുറന്നത്. ഇതിഹാസതുല്യമായ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെയും, ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും ആ കഥാപാത്രം ജനമനസുകളില്‍ നിലനില്‍ക്കുന്നതിന്റെയും അത്ഭുതം താരം ഇൻസ്റ്റഗ്രാംകുറിപ്പിലൂടെ പങ്കുവച്ചു.
'2013ലെ ദൃശ്യം ഷൂട്ടിങ് ദിവസങ്ങളില്‍ നിന്നുള്ള ഒരുപിടി ഓര്‍മകള്‍. ഇതിഹാസമായി മാറിയ ഒരു സിനിമ, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രം, ഇപ്പോള്‍ ദൃശ്യം 3 തിയറ്ററുകളിലേക്ക് എത്തുന്നു. ആദ്യ ഭാഗത്തില്‍ തന്നെ എന്റെ കഥാപാത്രം ഇല്ലാതായതാണ്, എങ്കിലും പ്രേക്ഷകരുടെ സ്‌നേഹത്തിലൂടെയും ട്രോളുകളിലൂടെയും അന്തമില്ലാത്ത മീമുകളിലൂടെയും വരുണ്‍ ഇത്രയും കാലം ജനമനസുകളില്‍ ജീവനോടെ ഇരുന്നു. ശരിക്കും അതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്'- റോഷന്‍ പറഞ്ഞു.
ഒരു കൗമാരക്കാരന്റെ എടുത്തുചാട്ടവും കാമവും ചെന്നവസാനിച്ചത് ഒരു കുടുംബത്തിന്റെ അതിജീവന പോരാട്ടത്തിലായിരുന്നു. വരുണ്‍ എന്ന കഥാപാത്രത്തോടു പ്രേക്ഷകര്‍ക്കു ദേഷ്യം തോന്നാമെങ്കിലും, സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ വരുണിനെ ഒരിക്കലും കൈവിട്ടില്ല. ജോര്‍ജുകുട്ടി വരുണിന്റെ മൃതദേഹം ഒളിപ്പിക്കാന്‍ ഉപയോഗിച്ച നീല ബാഗും, 'രോമാഞ്ചം' സിനിമയില്‍ അര്‍ജുന്‍ അശോകന്റെ കഥാപാത്രം കൊണ്ടുവരുന്ന ബാഗും തമ്മിലുള്ള സാദൃശ്യം വച്ച്, രോമാഞ്ചത്തില്‍ വരുന്നത് വരുണിന്റെ പ്രേതമാണെന്ന് വരെ ട്രോളന്മാര്‍ കണ്ടെത്തിയിരുന്നു. ഇത്തരം രസകരമായ എല്ലാ ചര്‍ച്ചകളെയും താരം സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.
വരുണും താനും രണ്ട് വ്യത്യസ്ത വ്യക്തികളാണെന്നും, എങ്കിലും ഒരു കഥാപാത്രത്തിന്റെ പേരില്‍ ഇത്രയും കാലം അറിയപ്പെടുന്നത് വലിയൊരു അനുഗ്രഹമായി കരുതുന്നുവെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. ഇതിഹാസ സിനിമയുടെ ഭാഗമാക്കിയതിനു ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരോടും നന്ദി പറഞ്ഞ താരം, ദൃശ്യം 3 ടീമിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.