ഇന്ത്യൻ ചലച്ചിത്രലോകമൊന്നാകെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' റിലീസിന് മുമ്പുതന്നെ റെക്കോഡുകൾ തകർക്കുന്നു. മേയ് 21-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ദിന ആഗോള പ്രീ-സെയിൽ കളക്ഷൻ 15 കോടി രൂപ പിന്നിട്ടതായാണ് പുതിയ റിപ്പോർട്ടുകൾ. കേരളത്തിൽനിന്നുമാത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്നു കോടിയിലധികം സ്വന്തമാക്കിക്കഴിഞ്ഞു.
മോഹൻലാൽ ചിത്രങ്ങളുടെ പ്രീ-സെയിൽ റെക്കോഡുകളിൽ 'തുടരും' എന്ന ചിത്രത്തെ മറികടന്നാണ് 'ദൃശ്യം 3' ഈ നേട്ടം കൊയ്തത്. നിലവിൽ കേരളത്തിലെ പ്രീ-സെയിൽ കളക്ഷനിൽ മോഹൻലാൽ ചിത്രങ്ങളിൽ 'എമ്പുരാനും' (12.4 കോടി), 'മലൈക്കോട്ടൈ വാലിബനും' (3.80 കോടി) മാത്രമാണ് ഇനി ദൃശ്യം 3-ക്ക് മുന്നിലുള്ളത്. വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഷൂട്ടിങ് പൂർത്തിയാകുന്നതിനു മുമ്പുതന്നെ ചിത്രം 350 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ദൃശ്യം ഹിന്ദി പതിപ്പിന്റെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള മുഴുവൻ തിയറ്റർ-ഡിജിറ്റൽ അവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ ഒരു 'ഹെവി ഇന്റലിജന്റ്' സിനിമയല്ല മൂന്നാം ഭാഗമെന്നും, ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാലു വർഷത്തിനുശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നും സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.