ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ജോർജുകുട്ടിയുടെ മടങ്ങിവരവിന് ഇനി ദിവസങ്ങൾ മാത്രം. മേയ് 21-ന് ചിത്രം തിയറ്ററുകളിലെത്താനിരിക്കെ, ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സിനിമയുടെ കളക്ഷനെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ. 'ദൃശ്യം 3' ട്രെയിലർ ലോഞ്ചിനിടെയായിരുന്നു മോഹൻലാലിന്റെ രസകരമായ പ്രതികരണങ്ങൾ. 500 കോടി ക്ലബ്ബ് സ്വപ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ തമാശ കലർന്ന ശൈലിയിലാണ് അദ്ദേഹം മറുപടി നൽകിയത്.
'സിനിമയ്ക്കും ഒരു ജാതകമുണ്ട്. അതൊരു മാജിക് ആണ്, ഒരു സീക്രട്ട് റെസിപ്പി ആണ്. ആർക്കും അത് അറിയില്ല.'- മോഹൻലാൽ പറഞ്ഞു. സിനിമയുടെ വിജയത്തെ മനുഷ്യന്റെ ജാതകത്തോടാണ് അദ്ദേഹം ഉപമിച്ചത്. 'എല്ലാ സിനിമകളും നന്നാവണം എന്ന ആഗ്രഹത്തോടെയാണ് എടുക്കുന്നത്. അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കോടിയെങ്കിലും ചിത്രത്തിനു കിട്ടട്ടെ'.
തന്റെ കരിയറിലെ അപൂർവ കാര്യവും താരം ചടങ്ങിൽ പങ്കുവച്ചു. 'ആദ്യമായാണ് ഞാൻ ടിക്കറ്റെടുത്ത് ഒരു സിനിമ കാണാൻ പോകുന്നത്. പണ്ട് ടിക്കറ്റെടുത്ത് സിനിമ കാണേണ്ട പ്രായത്തിൽ ഞാൻ സിനിമയിലെത്തി. 17-ാം വയസിൽ അഭിനയരംഗത്തെത്തിയതാണ്.' താൻ ആദ്യമായി ടിക്കറ്റെടുത്ത് കാണുന്ന സിനിമ 'ദൃശ്യം 3' ആയിരിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
നാലു വർഷത്തിന് ശേഷം ജോർജുകുട്ടിക്കുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ പ്രമേയം. ഷൂട്ടിങ് പൂർത്തിയാകും മുൻപേ 350 കോടിയോളം രൂപയുടെ ബിസിനസ് ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ഹിന്ദി പതിപ്പിന്റെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസാണ് ആഗോള തലത്തിലുള്ള അവകാശങ്ങൾ വാങ്ങിയിരിക്കുന്നത്.