ആലുവ രാജ​ഗിരി സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ ഓങ്കോളജി സെന്റർ ഉദ്ഘാടനച്ചടങ്ങിൽ ജീത്തു ജോസഫ് സംസാരിക്കുന്നു ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ദൃശ്യം-3 ഏപ്രിലില്‍, അമിതപ്രതീക്ഷകൾ അരുതെന്ന് ജീത്തുവിന്റെ അഭ്യർഥന

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള സിനിമയും ഇന്ത്യന്‍ ചലച്ചിത്രലോകവും ഒരുപോലെ കാത്തിരിക്കുന്ന 'ദൃശ്യം 3' റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ ജീത്തു ജോസഫ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രം 2026 ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളിലെത്തും. ആലുവ രാജ​ഗിരി ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് ജീത്തു ജോസഫ് സിനിമയുടെ റിലീസിനെക്കുറിച്ച് സംസാരിച്ചത്.

ഹിന്ദി പതിപ്പിന് ആറുമാസം മുമ്പ് മലയാളംപതിപ്പ് എത്തുമെന്നും സംവിധായകന്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പും റീമേക്കും ഒരേ സമയം പ്രഖ്യാപിച്ചെങ്കിലും, റിലീസില്‍ മലയാളം പതിപ്പിനായിരിക്കും മുന്‍ഗണന. അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് 2026 ഒക്ടോബര്‍ രണ്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതിന് ഏകദേശം ആറുമാസം മുമ്പ് തന്നെ മലയാളം പതിപ്പ് എത്തുന്നതോടെ, സിനിമയിലെ രഹസ്യങ്ങളും ക്ലൈമാക്‌സ് ട്വിസ്റ്റുകളും ആദ്യമറിയാനുള്ള ഭാഗ്യം മലയാളി പ്രേക്ഷകര്‍ക്ക് ലഭിക്കും.

ആലുവ രാജ​ഗിരി സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ ഓങ്കോളജി സെന്റർ ജീത്തു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

അതേസമയം, അമിത പ്രതീക്ഷകള്‍ വേണ്ടെന്ന് പ്രേക്ഷകരോട് സംവിധായകന്‍ പറഞ്ഞു. ദൃശ്യം സിനിമകള്‍ക്ക് വലിയൊരു ഉത്തരവാദിത്തമുണ്ട്. എങ്കിലും പ്രേക്ഷകര്‍ അമിതമായ മുന്‍ധാരണകളോ പ്രതീക്ഷകളോ ഇല്ലാതെ തിയറ്ററില്‍ സിനിമ കാണണമെന്ന് ജീത്തു ജോസഫ് അഭ്യര്‍ഥിച്ചു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ അതിവേ​ഗം പുരോ​ഗമിക്കുകയാണ്.

'ദൃശ്യം-3' പൂജാചടങ്ങിൽ മോഹൻലാലും ജീത്തു ജോസഫും

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കുമെങ്കിലും കുടുംബ ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വൈകാരികമായ ഒരു ത്രില്ലറായിരിക്കും ദൃശ്യം 3. കഴിഞ്ഞ ഡിസംബറില്‍ തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. സിനിമയുടെ ഔദ്യോഗിക ടീസറും കൃത്യമായ റിലീസ് തീയതിയും ഉടന്‍ തന്നെ പ്രഖ്യാപിക്കും. ദൃശ്യം-3യ്ക്ക് മുമ്പ് ജീത്തു ജോസഫിന്റെ ബിജു മേനോന്‍-ജോജു ജോര്‍ജ് ചിത്രം 'വലതുവശത്തെ കള്ളന്‍' തിയേറ്ററുകളിലെത്തും. ജനുവരി 30-ന് ആണ് ഈ സിനിമയുടെ റിലീസ്.