'ദൃശ്യം 3' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

ബോക്സ് ഓഫീസിൽ 'ലാലോളം'; റിലീസിന് മുമ്പേ 25 കോടി വാരി 'ദൃശ്യം 3'

പപ്പപ്പ ഡസ്‌ക്‌

ഇന്ത്യൻ ചലച്ചിത്രലോകം ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്‍റെ 'ദൃശ്യം 3' ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം. മോഹൻലാലിന്‍റെ ജന്മദിനത്തിൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് വമ്പൻ വരവേല്പാണ് ബോക്സ് ഓഫീസിൽ ലഭിക്കുന്നത്. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം കോടികളുടെ കളക്ഷൻ നേടിക്കഴിഞ്ഞതായി ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം ഇതിനോടകം 25 കോടി രൂപ ആഗോളതലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 11 കോടി രൂപയും ഇന്ത്യയിലെ ബുക്കിങ്ങിൽ നിന്നാണ്. നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് ലഭിക്കുന്നത്.

'ദൃശ്യം 3' പോസ്റ്റർ

ആദ്യ ഷോ ആരംഭിക്കുന്നതിനു മുൻപായി പ്രീ-സെയിൽസ് കളക്ഷൻ 30 കോടി കടക്കുമെന്നാണ് നിലവിലെ സൂചനകൾ. സമീപകാലത്തെ ഏറ്റവും വലിയ വിജയമായ എമ്പുരാനു ശേഷം, മോഹൻലാൽ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനായിരിക്കും 'ദൃശ്യം 3' നേടുകയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.