മലയാളസിനിമയുടെ ചരിത്രതാളുകള്‍ തിരുത്തിക്കുറിച്ച ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടുമെത്തി ബോക്സ് ഓഫീസ് കീഴടക്കി. ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ മാന്ത്രികതയില്‍ തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' വെറും ഏഴു ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍നിന്നു കൊയ്‌തെടുത്തത് 200 കോടി രൂപ! മോഹൻലാലിന്റെ കരിയറിലെ അടുത്ത വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. 'എമ്പുരാന്‍', 'തുടരും' എന്നീ ചിത്രങ്ങള്‍ക്കുശേഷം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന തുടര്‍ച്ചയായ മോഹന്‍ലാല്‍ ചിത്രം എന്ന റെക്കോര്‍ഡും ഇതോടെ 'ദൃശ്യം 3' സ്വന്തമാക്കി.
ആദ്യം ഏപ്രില്‍ രണ്ടിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തെ തുടര്‍ന്ന് മേയ് 21-ലേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. മെയ് 21 മോഹൻലാലിന്റെ പിറന്നാള്‍ കൂടിയാണ്. പിറന്നാള്‍ സമ്മാനമായി ആരാധകര്‍ക്കു കിട്ടിയ സമ്മാനംതന്നെയായി 'ദൃശ്യം 3'. നിലവില്‍ കേരളത്തിലെ 500-ഓളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനം തുടരുന്നത്. ജോര്‍ജുകുട്ടിയുടെ അടുത്ത ബുദ്ധിപരമായ നീക്കം കാണാന്‍ കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ തിയേറ്ററുകളിലേക്ക് ഒഴുകുകയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹൻലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവര്‍ തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി വീണ്ടും എത്തി. ഇവര്‍ക്കു പുറമേ ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിനു കൂടുതല്‍ കരുത്തുപകരാന്‍ ഒപ്പമുണ്ട്.
മലയാളത്തില്‍ വിജയക്കൊടി പാറിക്കുന്ന 'ദൃശ്യം 3' ഇനി ഉത്തരേന്ത്യയും കീഴടക്കാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒക്ടോബര്‍ രണ്ടിന്, ഗാന്ധി ജയന്തിദിനത്തില്‍ തിയറ്ററുകളിലെത്തും. മലയാള സിനിമയുടെ ഖ്യാതി ആഗോളതലത്തില്‍ ഒരിക്കല്‍ക്കൂടി ഉയര്‍ത്തിപ്പിടിച്ച 'ദൃശ്യം 3' വരും വാരങ്ങളിലും ബോക്സ് ഓഫീസില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല.