'ദൃശ്യം 3' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

തിയേറ്ററുകളില്‍ 'ജോര്‍ജ്ജുകുട്ടി' തരംഗം; 'ദൃശ്യം 3'അഞ്ചു ദിവസംകൊണ്ട് 150 കോടി

പപ്പപ്പ ഡസ്‌ക്‌

മലയാളസിനിമയുടെ ബോക്‌സ് ഓഫീസ് സമവാക്യങ്ങളെ വീണ്ടും മാറ്റിമറിച്ച് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് വെറും അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍നിന്ന് 150 കോടി രൂപയിലധികം വാരിക്കൂട്ടി ചിത്രം ചരിത്രം കുറിച്ചിരിക്കുകയാണ്. ചില കോണുകളില്‍നിന്ന് സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നെങ്കിലും, മോഹൻലാൽ എന്ന ജനപ്രിയ നായകന്റെ ബോക്‌സ് ഓഫീസ് കരുത്തിനു മുന്നില്‍ അതൊന്നും തടസമായില്ല എന്നു തെളിയിക്കുന്നതാണു പുതിയ കണക്കുകള്‍.

പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 'ദൃശ്യം 3' ഇതുവരെ ആഗോളതലത്തില്‍ സ്വന്തമാക്കിയത് 156.14 കോടി രൂപയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 71.74 കോടിയും (നെറ്റ് 61.80 കോടി), വിദേശത്തുനിന്നുള്ള കളക്ഷന്‍ 84.40 കോടിയുമാണ്.

'ദൃശ്യം 3' പോസ്റ്റർ

ചിത്രത്തിന്റെ ആകെ കളക്ഷന്റെ 54 ശതമാനത്തിലധികവും പ്രവാസി മലയാളി പ്രേക്ഷകരില്‍ നിന്നാണെന്നുള്ളത് ശ്രദ്ധേയമാണ്. ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ചയും തിയറ്ററുകളില്‍നിന്ന് 8.51 കോടി രൂപ ചിത്രം സ്വന്തമാക്കി. ആദ്യ ദിനങ്ങളിലെ അപേക്ഷിച്ച് കളക്ഷനില്‍ നേരിയ കുറവുണ്ടായെങ്കിലും, ഫാമിലി ഓഡിയന്‍സ് ചിത്രം ഏറ്റെടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയാണിത്.

ഒരു ത്രില്ലര്‍ ചിത്രത്തിന് തുടക്കത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉണ്ടായാല്‍ ബോക്‌സ് ഓഫീസില്‍ ഇടിവ് സംഭവിക്കാറുണ്ട്. എന്നാല്‍ 'ദൃശ്യം 3' പ്രവൃത്തിദിനങ്ങളിലും ഈ നിലയില്‍ മുന്നേറുന്നത് മോഹന്‍ലാല്‍ എന്ന നടന്റെ സ്റ്റാര്‍ വാല്യൂ കൊണ്ടും ജീത്തു ജോസഫ് എന്ന ബ്രാന്‍ഡിലുള്ള വിശ്വാസം കൊണ്ടുമാണ്.

'ദൃശ്യം 3' പോസ്റ്റർ

അത്യുജ്വല വിജയത്തോടെ, ലോകമെമ്പാടുമായി 150 കോടി ക്ലബ്ബില്‍ മൂന്നു ചിത്രങ്ങളുള്ള ഏക മലയാള നടന്‍ എന്ന അപൂര്‍വ റെക്കോര്‍ഡ് മോഹന്‍ലാല്‍ തന്റെ പേരില്‍ കുറിച്ചു. 'ദൃശ്യം 3' കൂടാതെ അദ്ദേഹത്തിന്റെ മുന്‍ ബ്ലോക്ക്ബസ്റ്ററുകളായ 'തുടരും', 'എല്‍ 2: എമ്പുരാന്‍' എന്നിവയാണ് ഇതിനുമുന്‍പ് ഈ നാഴികക്കല്ല് പിന്നിട്ടത്.

മാത്രമല്ല, റിലീസ് ചെയ്ത് അഞ്ചാം ദിവസം തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ എട്ട് മലയാള സിനിമകളുടെ പട്ടികയിലേക്ക് ജോര്‍ജുകുട്ടിയും കുടുംബവും നടന്നുകയറി. മുന്‍ ഭാഗങ്ങളിലെപ്പോലെയുള്ള അപ്രതീക്ഷിത ട്വിസ്റ്റുകൾ മൂന്നാം ഭാഗത്തില്‍ ഇല്ലെന്ന് ചില പ്രേക്ഷകര്‍ വിലയിരുത്തുമ്പോഴും, ജീത്തു ജോസഫിന്റെ വൈകാരികമായ തിരക്കഥയും മോഹന്‍ലാലിന്റെ പക്വതയാര്‍ന്ന അഭിനയവും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

'ദൃശ്യം 3' പോസ്റ്റർ

മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ദിഖ്, മുരളി ഗോപി, ആശാ ശരത് എന്നിവരുടെ പ്രകടനവും ചിത്രത്തിന് കരുത്താകുന്നു. തിയറ്ററുകളിലെ നിലവിലെ വന്‍ ജനത്തിരക്ക് കണക്കിലെടുത്താല്‍, വരും വാരന്ത്യത്തോടെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.