ദിലീപ് ഫോട്ടോ അറേഞ്ച്ഡ്
Malayalam

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു

പപ്പപ്പ റിപ്പോര്‍ട്ടര്‍

കൊച്ചിയിൽ നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിചാരണ നടപടി പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം നിലനില്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഒന്നുമുതൽ ആറുവരെ പ്രതികളായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ എന്‍.എസ്,മാര്‍ട്ടിന്‍ ആന്റണി,ബി. മണികണ്ഠന്‍,വി.പി. വിജീഷ്,എച്ച്. സലിം, പ്രദീപ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും നിലനില്കുമെന്ന് കോടതി കണ്ടെത്തി. കുറ്റക്കാർക്കുള്ള ശിക്ഷയിന്മേൽ ഡിസംബർ 12ന് വാദം നടക്കും.

കേസ് ഒരുസംഘം ക്രിമനൽപോലീസുകാർ കെട്ടിച്ചമച്ച കള്ളക്കഥയാണെന്ന് വിധിക്ക് ശേഷം കോടതി വളപ്പിൽ ദീലീപ് മാധ്യമങ്ങളോട് പറഞ്ഞു. ഒരുസംഘം മാധ്യമങ്ങളെകൂട്ടുപിടിച്ച് തനിക്കെതിരേ പോലീസ് നടത്തിയ ​ഗൂഢാലോചനയാണ് ഇതെന്നും ദിലീപ് പറഞ്ഞു.

ദിലീപ് 'കിങ് ലയർ' എന്ന സിനിമയിൽ

കേസില്‍ വിധിവന്നത് എട്ടു വര്‍ഷത്തെ കോടതി നടപടികള്‍ക്കുശേഷമാണ്. അതുവരെ ജനപ്രിയ നായകന്‍ എന്നു വിളിപ്പേരുണ്ടായിരുന്ന, മലയാളികളുടെ പ്രിയ താരം ദിലീപ് കേസില്‍ ഉള്‍പ്പെട്ടതോടെയാണ് സംഭവം രാജ്യത്താകമാനമുള്ള ചലച്ചിത്രവ്യവസായത്തില്‍ ചര്‍ച്ചയായത്. പിന്നീട് കണ്ടത്, അക്ഷരാര്‍ഥത്തില്‍ ആ നായകന്റെ പതനമായിരുന്നു. രാജ്യമൊട്ടാകെ ശ്രദ്ധിച്ച സംഭവത്തില്‍, ബോളിവുഡ് ഉള്‍പ്പെടെയുള്ള ചലച്ചിത്രമേഖലകളിലെ താരങ്ങളും ടെക്‌നീഷന്‍മാരും വന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

മലയാളസിനിമയില്‍ കോളിളക്കം സൃഷ്ടിച്ച കേസ്, വിമൻ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) എന്നസംഘടനയ്ക്കു വഴിയൊരുക്കുകയും ചെയ്തു. തുടര്‍ന്ന്, സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ പഠിക്കാന്‍ സര്‍ക്കാര്‍ റിട്ട.ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചു. ഹേമ കമ്മിറ്റിയില്‍ നിരവധി നടിമാരും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വനിതകളും സിനിമാമേഖലയിലെ നിരവധി പ്രമുഖർക്കെതിരേ മൊഴി കൊടുത്തെങ്കിലും നിയമനടപടികളുമായി പോകാന്‍ ആരും താത്പര്യം പ്രകടിപ്പിച്ചില്ല.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ

2018 മാര്‍ച്ച് എട്ടിന് ആണ് നടി ആക്രമണക്കേസില്‍ വിചാരണ തുടങ്ങിയത്. അതിജീവിതയുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി വനിതാജഡ്ജിയെ നിയോഗിക്കുകയും രഹസ്യവിചാരണ നടത്തുകയും ചെയ്തു. കോവിഡും ലോക്ഡൗണ്‍ പ്രഖ്യാപനവും വിചാരണ രണ്ടുവര്‍ഷം ദീര്‍ഘിപ്പിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിയൊന്നും പാലിക്കപ്പെട്ടില്ല. അന്വേഷണം നടക്കുമ്പോഴും വിചാരണവേളയിലും കേസുമായി ബന്ധപ്പെട്ട് നിരവധി കോലാഹലങ്ങള്‍ ഉടലെടുത്തു.

തെറ്റേത്, ശരിയേത് എന്നു തിരിച്ചറിയാന്‍ കഴിയാത്തവിധമായിരുന്നു പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതിനിടയിൽ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരേ വെളിപ്പെടുത്തലുകളുമായി രം​ഗത്തുവന്നത് വലിയ വിവാ​ദങ്ങൾക്കും കേസിന്റെ തുടരന്വേഷണത്തിനും ഇടയാക്കി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്തിയ പ്രത്യേകസംഘം കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.

നടിയെ ആക്രമിച്ച കേസിൽ നിർണായകവെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനൊപ്പം(ഫയൽഫോട്ടോ)

പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം 2024 സെപ്റ്റംബറിലാണ് പൂര്‍ത്തിയായത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം കോടതി വിസ്തരിച്ചത്. ബൈജു പൗലോസിനെ കേസിലെ സെലിബ്രിറ്റി പ്രതി അപകടപ്പെടുത്താന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തലുകളുണ്ടായി. തുടര്‍ന്ന്, ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടന്നു. പിന്നീട്, പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. 2025 ആദ്യത്തോടെ കോടതി വിധി പുറപ്പെടുവിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി നടപടികളിലുണ്ടായ കാലതാമസം വിധി വൈകാന്‍ കാരണമായി.

നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ

കേസിന്റെ നാള്‍വഴികള്‍

  • നടി ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരി 17ന്

  • ഫെബ്രുവരി 18ന് ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി അറസ്റ്റില്‍

  • ഫെബ്രുവരി 19ന് വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍ പിടിയില്‍

  • ഫെബ്രുവരി 20ന് മണികണ്ഠന്‍ അറസ്റ്റില്‍

  • ഫെബ്രുവരി 23ന് കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഒന്നാംപ്രതി പള്‍സര്‍ സുനി കോടതയില്‍ ഹാജരാകാനെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു

  • ജൂണ്‍ 28ന് കേസ് ഏവരെയും ഞെട്ടിക്കുന്ന അടുത്ത ഘട്ടത്തിലേക്ക്. നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നു.

  • ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്യുന്നു. അറസ്റ്റ് ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചു

  • ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചു

  • 2018 മാര്‍ച്ച് എട്ടിന് വിചാരണ തുടങ്ങി

  • 2019 നവംബര്‍ 29ന് ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ണായകവിധി

  • 2021 ഡിസംബര്‍ 25ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ഗൗരവകരമായ വെളിപ്പെടുത്തല്‍

  • 2022 ജനുവരി നാലിന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം

  • 2024 സെപ്റ്റംബര്‍ 17ന് പള്‍സര്‍ സുനിക്ക് ജാമ്യം

  • 2024 ഡിസംബര്‍ 11ന് അന്തിമവാദത്തിനു തുടക്കം

  • 2025 ഏപ്രില്‍ 9ന് പ്രതിഭാഗം വാദം പൂര്‍ത്തിയാകുന്നു

  • 2025 ഡിസംബർ 8ന് വിധിപ്രസ്താവിക്കുന്നു,ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരെന്നും കോടതി

ദിലീപ്

2017 ഫെബ്രുവരി 17ന് സംഭവിച്ചത്

തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തൃശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ക്വട്ടേഷന്‍സംഘം നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍.