ധ്യാൻ ശ്രീനിവാസനെ നായകനാക്കി നിജീഷ് സഹദേവൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'തേവർ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. കേരള-തമിഴ്നാട് അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാന്റസി കോമഡി എന്റർടെയ്നറാണു ചിത്രം.
വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുവരുന്ന മൂന്നു യുവാക്കളുടെ കഥയാണ് 'തേവർ' പറയുന്നത്. സ്വന്തം ലക്ഷ്യങ്ങൾക്കായി ഓടുന്ന ഇവരുടെ ജീവിതത്തിലേക്ക് അദ്ഭുതശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഒരു വിഗ്രഹം എത്തുന്നതോടെ ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണു ചിത്രത്തിന്റെ പ്രമേയം. ധ്യാൻ ശ്രീനിവാസനൊപ്പം ഷഹീൻ സിദ്ധിഖ്, റോഷൻ രാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരിശ്രീ അശോകൻ, സുനിൽ സുഖദ, ഷാജു ശ്രീധർ, മേജർ രവി, നിർമൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, രാജേന്ദ്രൻ, വൈയാപുരി, ഐശ്വര്യ, പൂജ റാം, ഡാനി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ.
ഹൊറൈസണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രാജന്‍ മൊട്ടമ്മലാണ് ചിത്രത്തിന്റെ നിര്‍മാണം. ഔസേപ്പച്ചന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത് എല്‍ദോ ഐസക് ആണ്. അയൂബ് ഖാന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.