ഡേവിഡ് വാർണർ,'കിഷ്‌കിന്ധാ കാണ്ഡം'പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Malayalam

ഡേവിഡ് വാര്‍ണറെ ക്ലീൻ ബൗൾഡ് ആക്കി 'കിഷ്‌കിന്ധാ കാണ്ഡം'

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയുടെ പെരുമ വീണ്ടും അതിരുകള്‍ ഭേദിച്ച് ആഗോളതലത്തിലേക്ക് ഉയരുകയാണ്. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ 'കിഷ്‌കിന്ധാകാണ്ഡ'ത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ബാഹുൽ രമേഷ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചലച്ചിത്രലോകത്തും പ്രേക്ഷകര്‍ക്കിടയിലും വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചലച്ചിത്രാസ്വാദകര്‍ കണ്ടുശീലിച്ച ത്രില്ലര്‍ ഡ്രാമയില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ആസിഫ് ചിത്രം.

ഭാഷാഭേദമന്യേ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മലയാള സിനിമയുടെ മികച്ച കഥാഖ്യാന ശൈലിക്കും താരങ്ങളുടെ പ്രകടനങ്ങള്‍ക്കും ലഭിച്ച മറ്റൊരു വലിയ അംഗീകാരമാണിതെന്ന് വാര്‍ണറുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

ഡേവിഡ് വാർണറുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

ഇന്ത്യന്‍ സംസ്‌കാരത്തോടും സിനിമകളോടുമുള്ള തന്റെ ഇഷ്ടം പങ്കുവയ്ക്കാറുള്ള വാര്‍ണര്‍, ഇത്തവണ ഇന്‍സ്റ്റഗ്രാമിലൂടെയാണ് 'കിഷ്‌കിന്ധാ കാണ്ഡ'ത്തോടുള്ള തന്റെ സ്‌നേഹം പരസ്യമാക്കിയത്. ഡേവിഡ് വാര്‍ണറെപ്പോലെയുള്ള ആഗോള കായികതാരം ചിത്രത്തെ അഭിനന്ദിച്ചതോടെ, പാന്‍-ഇന്ത്യന്‍ തലത്തിലും മറ്റ് അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കിടയിലും ചിത്രത്തിന്റെ സ്വീകാര്യത ഇനിയും വര്‍ധിക്കുമെന്നുറപ്പാണ്.