'ചിന്ന ചിന്ന ആശൈ'യില്‍ വിഷ്ണു അഗസ്ത്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ 
Malayalam

'ചിന്ന ചിന്ന ആശൈ'യില്‍ വിഷ്ണു അഗസ്ത്യയും; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

പപ്പപ്പ ഡസ്‌ക്‌

ആര്‍ഡിഎക്‌സ്, റൈഫിള്‍ ക്ലബ്ബ്, അതിരടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു അഗസ്ത്യ 'ചിന്ന ചിന്ന ആശൈ'യിലൂടെ മികച്ച കഥാപാത്രവുമായി എത്തുന്നു. ഇന്ദ്രന്‍സും മധുവും(മധുബാല) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളം-തമിഴ് ദ്വിഭാഷാ ചിത്രത്തിലെ വിഷ്ണുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'സിദ്ധാര്‍ഥ്' എന്ന കഥാപാത്രത്തെയാണ് വിഷ്ണു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നവാഗതയായ വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം പൂര്‍ണമായും വാരണാസിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട 'എന്റെ നാരായണിക്ക്' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായികയാണ് വര്‍ഷ. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മിക്കുന്നത്.

'ചിന്ന ചിന്ന ആശൈ' പോസ്റ്റര്‍

ഒരിടവേളയ്ക്കുശേഷം ശക്തമായ കഥാപാത്രത്തിലൂടെ മധുബാല തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പൂര്‍ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഫസ്റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഫായിസ് സിദ്ധിഖ്, എഡിറ്റിങ്- റെക്‌സണ്‍ ജോസഫ്. ജൂണ്‍ 19-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ വിതരണക്കാര്‍.