മലയാളികളുടെ പ്രിയനടന്‍ ഇന്ദ്രന്‍സ് നായകനായി എത്തുന്ന പുതിയ ചിത്രം 'ചിന്ന ചിന്ന ആസൈ' റിലീസിന് ഒരുങ്ങുന്നു. റോജയിലൂടെ പ്രശസ്തയായ മധുബാലയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണില്‍ തിയറ്ററുകളില്‍ എത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രേക്ഷക ശ്രദ്ധ നേടിയ 'എന്റെ നാരായണിക്ക്' എന്ന ഹ്രസ്വചിത്രത്തിനുശേഷം വര്‍ഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. വര്‍ഷാ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഒരിടവേളയ്ക്കുശേഷം ശക്തമായ കഥാപാത്രത്തിലൂടെ മധുബാല തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പൂര്‍ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഫസ്റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. ഇന്ദ്രന്‍സിന്റെ വേറിട്ട പ്രണയഭാവവും മധുബാലയുമായുള്ള രംഗങ്ങളും പാട്ടിന്റെ ദൃശ്യങ്ങളെ മനോഹരമാക്കുന്നു. മുന്‍പ് കണ്ടിട്ടില്ലാത്ത വിധം മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങളാകും ഇന്ദ്രന്‍സ് ഈ ചിത്രത്തില്‍ സമ്മാനിക്കുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.