ബിയാന മോമിൻ 'എക്കോ'യിൽ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

മ്ലാത്തിച്ചേട്ടത്തി പറയുന്നു:' വാര്‍ധക്യം പകലിന്റെ അന്ത്യത്തിലും ജ്വലിച്ചുനില്കണം'

പപ്പപ്പ ഡസ്‌ക്‌

ജീവിതം എഴുപതുകളില്‍ അവസാനിക്കുന്ന ഒന്നല്ലെന്നും, പുതിയൊരു അധ്യായത്തിന്റെ തുടക്കം മാത്രമാണെന്നും തെളിയിക്കുകയാണ് മേഘാലയയില്‍നിന്നുള്ള മുന്‍ കോളജ് അധ്യാപിക ബിയാന വാത്രെ മോമിന്‍. കിലോമീറ്ററുകള്‍ക്കപ്പുറം വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഗാരോ കുന്നുകളില്‍നിന്ന് മലയാളമണ്ണിലേക്ക് അവരെ എത്തിച്ചത് അഭിനയത്തോടുള്ള അഭിനിവേശമായിരുന്നില്ല, മറിച്ച് ജീവിതം വച്ചുനീട്ടിയ സാഹസികതയായിരുന്നു.

പുതുയുഗ മലയാളസിനിമയിലെ വ്യത്യസ്തമായ മിസ്റ്ററി ത്രില്ലറാണ് 'എക്കോ'. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് അധിനിവേശത്തെത്തുടര്‍ന്ന് മലേഷ്യയില്‍നിന്ന് ഓടിരക്ഷപ്പെട്ട് കേരളത്തിലെ വനമേഖലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 'മ്ലാത്തി ചേട്ടത്തി' എന്ന കഥാപാത്രത്തെയാണ് ബിയാന അവതരിപ്പിച്ചത്. മൗനം കൊണ്ടും തീക്ഷ്ണമായ നോട്ടം കൊണ്ടും അവര്‍ ആ വേഷം അവിസ്മരണീയമാക്കി. തെന്നിന്ത്യന്‍ താരം ധനുഷ് ബിയാനയുടെ അഭിനയത്തെ 'ലോകോത്തര പ്രകടനം' എന്നാണു വിശേഷിപ്പിച്ചത്.

തുറ ഗവണ്‍മെന്റ് കോളജിലെ ഇംഗ്ലീഷ് സാഹിത്യ വിഭാഗം മേധാവിയായിരുന്ന ബിയാനയ്ക്ക് ക്യാമറയ്ക്കു മുന്നിലെ അഭിനയം തികച്ചും അപരിചിതമായിരുന്നു. തന്റെ നാല് നായക്കുട്ടികള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം സമാധാനപരമായ വിശ്രമജീവിതം നയിച്ചിരുന്ന അവര്‍, മകളുടെ പ്രോത്സാഹനത്തിലാണ് 'എക്കോ'യുടെ ഭാഗമാകാന്‍ തയാറായത്. 'ക്ലാസ് മുറിയിലെ അധ്യാപനം ഒരുതരം അഭിനയമാണെന്ന് കരുതുന്നുണ്ടെങ്കില്‍ മാത്രം എനിക്ക് അഭിനയപരിചയമുണ്ടെന്ന് പറയാം...' - അഭിനയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ബിയാനയുടെ മറുപടി ഇങ്ങനെയായിരുന്നു.

ബിയാന മോമിൻ

മലയാളം കീഴടക്കിയ മേഘാലയന്‍ കരുത്ത്

ഭാഷയറിയാത്ത നാട്ടില്‍, ഒരക്ഷരം പോലും മനസിലാകാത്ത ഡയലോഗുകള്‍ പറയുക എന്നത് ഏതൊരു നടിയെ സംബന്ധിച്ചും വെല്ലുവിളിയാണ്. എന്നാല്‍, ഒരു ഭാഷാ പരിശീലകന്റെ സഹായത്തോടെ മലയാളം വരികള്‍ പഠിച്ചെടുത്ത്, കൃത്യമായ ഭാവങ്ങളോടെ അവര്‍ ക്യാമറയ്ക്ക് മുന്നില്‍നിന്നു. പശ്ചിമഘട്ടത്തിലെ കഠിനമായ മഴയും മൂടല്‍മഞ്ഞും നിറഞ്ഞ കാലാവസ്ഥയില്‍, ദിവസവും കുന്നുകള്‍ കയറി ഷൂട്ടിങ്ങിനെത്തിയിരുന്ന ബിയാനയുടെ ആത്മവിശ്വാസം അണിയറ പ്രവര്‍ത്തകരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഗോത്രസംസ്‌കാരവും പെണ്‍കരുത്തും

മേഘാലയയിലെ മാതൃദായക്രമം പിന്തുടരുന്ന ഗാരോ ഗോത്രത്തില്‍നിന്നാണ് ബിയാന വരുന്നത്. തന്റെ ഗോത്രവര്‍ഗപശ്ചാത്തലവും തന്നിലെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളും മ്ലാത്തി ചേട്ടത്തി എന്ന സ്വതന്ത്രവും കരുത്തുറ്റതുമായ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സഹായിച്ചുവെന്ന് ബിയാന പറയുന്നു.

ബിയാന മോമിൻ 'എക്കോ'യിൽ

ഇനിയുള്ള യാത്ര

ചിത്രം വന്‍ വിജയമായതോടെ ബോളിവുഡില്‍നിന്നും മറ്റു ഭാഷകളില്‍നിന്നും ബിയാനയെ തേടി നിരവധി അവസരങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ നാട്ടിലെ ബുക്ക് ക്ലബ്ബും വായനയുമായി അവര്‍ തിരക്കിലാണ്. അരുന്ധതി റോയിയുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍ മുന്‍ സാഹിത്യ അധ്യാപിക. ഡിലന്‍ തോമസിന്റെ വരികള്‍ കടമെടുത്തുകൊണ്ട് ബിയാന പറയുന്നു:'വാര്‍ധക്യം പകലിന്റെ അന്ത്യത്തിലും ജ്വലിച്ചു നില്‍ക്കണം...'

തിയറ്ററുകളില്‍ വിസ്മയം തീര്‍ത്ത എക്കോ ഇപ്പോള്‍ ഒടിടിയിലും ജൈത്രയാത്ര തുടരുകയാണ്. അടുത്തകാലത്തുണ്ടായ മലയാളസിനിമകളില്‍ ഏറ്റവും വ്യത്യസ്തമായ ചിത്രമായാണ് ചലച്ചിത്രലോകവും ആരാധകരും എക്കോയെ വിലയിരുത്തുന്നത്.