മോഹൻലാലിനെക്കുറിച്ചുള്ള മനോഹരമായ വരികളുമായി ഭാഗ്യശ്രീ ബോർസെ. ഓപ്പറേഷൻ ഗംഗയുടെ സെറ്റിൽ നിന്ന് മോഹൻലാലിനൊപ്പമുള്ള ചിത്രവും ഇതിനൊപ്പം താരം പങ്കുവച്ചു.
'താങ്കളുടെ സഹതാരമായി അഭിനയിക്കാനാകുന്നത് ഒരു അനുഗ്രഹമായി തോന്നുന്നു. ഓരോ ദിവസത്തെ ചിത്രീകരണത്തിലും താങ്കളുടെ കണ്ണുകളിലൂടെ സിനിമയെ കാണാനും താങ്കളിൽ നിന്ന് പഠിക്കാനും എനിക്ക് കഴിയുന്നു. താങ്കൾ ശരിക്കും അസാധാരണമായ കഴിവുള്ള വ്യക്തിയാണ്, സാർ'-ഭാഗ്യശ്രീ കുറിച്ചു.
വിഷ്ണുമോഹൻ സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ഗംഗയിൽ നായികയാകുന്നത് ഭാഗ്യശ്രീ ബോർസെയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രമാണ് 'ഓപ്പറേഷൻ ഗംഗ'. റഷ്യ–യുക്രെയ്ൻ യുദ്ധകാലത്ത് ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമായ 'ഓപ്പറേഷൻ ഗംഗ'യാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആദ്യഘട്ട ഷൂട്ടിങ് ജോർജിയയിൽ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിഷ്ണു മോഹനാണ് നിർവഹിക്കുന്നത്. ബൈജു ഗോപാലനും വി.സി. പ്രവീണും ചിത്രത്തിൻ്റെ സഹനിർമാതാക്കളാണ്. കൃഷ്ണമൂർത്തിയാണ് നിർവഹണ നിർമാതാവ്. ബോളിവുഡ് താരം അർജുൻ രാംപാൽ, ആദിൽ ഹുസൈൻ, പാർഥിബൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അണിയറയിൽ നിറയെ വമ്പൻ സാങ്കേതികവിദഗ്ദ്ധരാണ്. 'ധുരന്ധർ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ശ്രദ്ധേയനായ സംഗീത സംവിധായകൻ ശാശ്വത് സച്ച്ദേവ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.'പുഷ്പ'യുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ഛായാഗ്രഹണം. 'ധുരന്ധർ', 'കിൽ' തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഓ സെ യങ് ആണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ഗോട്ട്', 'മെയ്യഴകൻ', 'അമരൻ', 'കത്തനാർ' തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച രാജീവൻ ആണ് കലാസംവിധാനം. 'ധുരന്ധർ', 'യൂആർഐ', 'ത്രീ ഇഡിയറ്റ്സ്', 'പദ്മാവത്' തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ബിശ്വദീപ് ചാറ്റർജിയാണ് ശബ്ദരൂപകല്പന നിർവഹിക്കുന്നത്. 'കാന്താര'യിൽ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ പ്രവർത്തിച്ച കെ.വി. സഞ്ജിത്ത് വിഎഫ്ക്സ് മേൽനോട്ടം വഹിക്കും. 'സഫേദ് സാഗർ', 'ബോർഡർ 2', 'ഫൈറ്റർ' തുടങ്ങിയ ചിത്രങ്ങളിൽ സൈനിക ഉപദേഷ്ടാവായി പ്രവർത്തിച്ച സ്ക്വാഡ്രൺ ലീഡർ(റിട്ട.) വെർലിൻ പൻവാർ ചിത്രത്തിന്റെ സൈനിക ഉപദേഷ്ടാവാണ്.