'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

അയൽവീട്ടിലെ ബാൽക്കണികാഴ്ച പോലെ നിവിനും മമിതയും; ഹൃദ്യം ഈ ഫസ്റ്റ്ലുക്ക് പോസ്റ്റർ

പപ്പപ്പ ഡസ്‌ക്‌

അടുത്ത വീട്ടിലെ പയ്യനെയും പെൺകുട്ടിയെയും പോലെ നിവിൻ പോളിയും മമിത ബൈജുവും. ആദ്യകാഴ്ചയിൽ തന്നെ ഒരു കുടുംബചിത്രത്തിന്റെ ഛായ തോന്നിക്കുന്ന ദൃശ്യം. നിവിനും മമിതയും ആദ്യമായി ഒന്നിക്കുന്ന 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ സമ്മാനിക്കുന്നത് ഹൃദ്യമായൊരു കഥയുടെ സൂചനയാണ്. 'സ്നേഹം,ചിരി,ഓണം..'അതാണ് പ്ലാൻ എന്ന വരികളോടെയാണ് നിവിൻ പോളി സോഷ്യൽമീഡിയയിൽ പോസ്റ്റർ പങ്കിട്ടത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനു പ്രദര്‍ശനത്തിനെത്തും. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. 'പ്രേമലു'വിനുശേഷം ഗിരീഷ് എ.ഡി.യും കിരണ്‍ ജോസിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സിനിമകള്‍ക്കു ശേഷം മമിത ബൈജുവും ഗിരീഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'.

'ബത്‍ലഹേം കുടുംബ യൂണിറ്റ്' സംവിധായകൻ ​ഗിരീഷ് എ.ഡി,നിവിൻ പോളി,മമിത ബൈജു എന്നിവർ

സംഗീത് പ്രതാപ്, ബിന്ദു പണിക്കര്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, ശ്രിന്ദ, റോഷന്‍ ഷാനവാസ്, ഷമീര്‍ ഖാന്‍, ശ്യാം മോഹന്‍ എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനങ്ങൾ: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എം.ബി