ബേസിൽ ജോസഫിന്റെയും സൈലം ഗ്രൂപ്പ് സ്ഥാപകൻ ഡോ.അനന്തുവിന്റെയും നിർമാണക്കമ്പനികൾ ചേർന്ന് നിർമിക്കുന്ന ആദ്യ ചിത്രം യുവത്വത്തിന്റെ കഥ പറയുന്നത് എന്ന് സൂചന. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കാൾ പുറത്തിറങ്ങി. 'മാസ് ബങ്ക് അടിക്കാൻ പറ്റിയ മാസ് പിള്ളേരെ'യാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അന്വേഷിക്കുന്നത്. 18നും 26നും മധ്യേ പ്രായമുള്ള യുവതീയുവാക്കൾക്കായാണ് കാസ്റ്റിങ് കാൾ.
ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ് എന്നാണ് ബേസിലിന്റെ നിർമാണക്കമ്പനിയുടെ പേര്. സൈലം ഗ്രൂപ്പ് സ്ഥാപകൻ ഡോ. അനന്തുവിന്റെ ഡോ. അനന്തു എൻ്റർടെയ്ൻമെന്റുമായി ചേർന്നാണ് ബേസിൽ ആദ്യ ചിത്രം നിർമിക്കുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. രസകരമായ ഒരു വീഡിയോയിലൂടെയാണ് ഇരുവരും ഈ വിവരം പുറത്തുവിട്ടത്. സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ബേസിൽ ജോസഫിനൊപ്പം നിർമാണരംഗത്തേക്ക് കടന്നുവരുമ്പോൾ ചുവടുപിഴക്കില്ലെന്ന് വിശ്വസിക്കുന്നുവെന്ന് തമാശരൂപേണ ഡോ. അനന്തു വീഡിയോയിൽ പറയുന്നു. എന്നാൽ ഒരു സക്സസ്ഫുൾ ബിസിനസ്മാനെ വിശ്വസിച്ച് ധൈര്യപൂർവം നിർമാണരംഗത്തേക്ക് കടന്നുവന്നുവെന്നാണ് ബേസിലിൻ്റെ മറുപടി.
മിന്നൽ മുരളി, കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ബേസിൽ ജോസഫ് പിന്നീട് അഭിനയരംഗത്താണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബേസിൽ സോഷ്യൽ മീഡിയയിലൂടെ നിർമാണക്കമ്പനി തുടങ്ങുന്ന വാർത്ത പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സൈലം ലേണിങ് എന്ന സ്ഥാപനത്തിൻ്റെ സ്ഥാപകനാണ് ഡോ. അനന്തു. സിനിമയോട് പഠനകാലം മുതലുള്ള താത്പര്യംകൊണ്ടാണ് നിർമാണരംഗത്തേക്ക് കടന്നുവന്നതെന്ന് ഡോ. അനന്തു കോഴിക്കോട് നടന്ന ലോഞ്ചിങ് ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.
ഡിജിറ്റൽ കണ്ടൻ്റുകളും മികച്ച സിനിമകളും നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. അനന്തു എന്റർടെയ്ൻമെന്റ് തുടങ്ങിയിരിക്കുന്നത്. മുൻനിര താരങ്ങളെയും സംവിധായകരെയും അണിനിരത്തി ആറ് സിനിമകൾ ഉടൻ പ്രഖ്യാപിക്കുമെന്നും ചില ബിഗ് ബജറ്റ് സിനിമകൾക്കായുള്ള ആശയങ്ങൾ പരിഗണനയിലുണ്ടെന്നും ഡോ. അനന്തു പറഞ്ഞു. ലോഞ്ചിങ് പരിപാടിയിൽ പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോയും പ്രകാശനം ചെയ്തിരുന്നു.
നിർമാണക്കമ്പനി തുടങ്ങിയെന്ന ബേസിലിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ പതിവ് ശൈലിയിൽ നടൻ ടൊവിനോ തോമസും കമൻ്റുമായി എത്തി. താനാണോ നിർമിക്കുന്ന ചിത്രത്തിലെ നായകൻ എന്നാണ് ടൊവിനോ കമൻ്റ് ബോക്സിൽ കുറിച്ചത്. ബോളിവുഡ് താരം രൺവീർ സിങ്, ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ എന്നിവരും ബേസിലിന് ആശംസകൾ അറിയിച്ചു.