മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ (FEFKA) ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു സ്ഥാനമൊഴിയുന്നതെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
ഫെഫ്ക രൂപീകൃതമായ കാലം മുതൽ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ബി. ഉണ്ണികൃഷ്ണൻ. ഏറെക്കാലമായി ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന താൻ മാറിനിൽക്കണമെന്നും പുതിയ നേതൃത്വം വരണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനുമുമ്പും പലതവണ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും സഹപ്രവർത്തകരുടെ അഭ്യർഥനയെ തുടർന്ന് സ്ഥാനത്ത് തുടരുകയായിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബി. ഉണ്ണിക്കൃഷ്ണന്റെ രാജി ഫെഫ്ക ജനറൽ ബോഡി വിശദമായി ചർച്ച ചെയ്യും. ചർച്ചകൾക്കു ശേഷമായിരിക്കും സംഘടന ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. സിനിമാമേഖലയിലെ തൊഴിൽപരമായ വിഷയങ്ങളിലും തർക്കങ്ങളിലും ഫെഫ്കയെ ശക്തമായി നയിച്ചിരുന്ന നേതൃത്വത്തിന്റെ മാറ്റം സിനിമാലോകത്ത് വലിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുകയാണ്.