'അതിരടി' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ബോക്‌സ് ഓഫീസ് പൂരപ്പറമ്പാക്കി 'അതിരടി'; വെറും മൂന്നു ദിവസം കൊണ്ട് 33 കോടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള സിനിമ കാത്തിരുന്ന ആ കോംബോ തിയേറ്ററുകളിലെത്തിയപ്പോള്‍, ബോക്‌സ് ഓഫീസില്‍ പൂരമല്ലാതെ മറ്റെന്താണു സംഭവിക്കുക! ടൊവിനോ തോമസും ബേസില്‍ ജോസഫും തകര്‍ത്താടിയ 'അതിരടി' തിയറ്ററുകളില്‍ വിജയക്കുതിപ്പു തുടരുകയാണ്. റിലീസ് ചെയ്ത് വെറും മൂന്നു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം ഇന്ത്യയില്‍നിന്ന് മാത്രം 15 കോടിയിലധികം രൂപ സ്വന്തമാക്കി.

പ്രമുഖ ട്രേഡ് അനലിസ്റ്റ് സാക്‌നില്‍ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ശനിയാഴ്ച മാത്രം ചിത്രം ഇന്ത്യയിലെ 1,841 പ്രദര്‍ശനങ്ങളില്‍നിന്നായി 5.10 കോടി രൂപയാണ് വാരിക്കൂട്ടിയത്. മേയ് 14-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം 5.55 കോടി രൂപയുടെ ബമ്പര്‍ ഓപ്പണിങ്ങാണ് ലഭിച്ചത്.

എന്നാല്‍ വെള്ളിയാഴ്ച കളക്ഷനില്‍ നേരിയ കുറവ് (4.25 കോടി) രേഖപ്പെടുത്തി. എന്നാല്‍ ശനിയാഴ്ചയോടെ ഫാമിലി ഓഡിയന്‍സും യുവാക്കളും തിയറ്ററുകളിലേക്ക് ഇരച്ചെത്തിയതോടെ ചിത്രം മാസ് തിരിച്ചുവരവു നടത്തി. ശനിയാഴ്ച ഒക്യുപന്‍സി നിരക്ക് 43 ശതമാനത്തില്‍നിന്ന് 49 ശതമാനമായാണ് ഉയര്‍ന്നത്.

'അതിരടി' പോസ്റ്റർ

റിലീസിനു മുന്നോടിയായി മേയ് 13-ന് നടന്ന പെയ്ഡ് പ്രിവ്യൂ ഷോകളില്‍നിന്നുതന്നെ 52 ലക്ഷം രൂപ ചിത്രം നേടിയിരുന്നു. നിലവില്‍ മൂന്നു ദിവസത്തെ ആകെ കളക്ഷന്‍ 17.89 കോടിയാണ്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മാത്രമല്ല, വിദേശ മാര്‍ക്കറ്റുകളിലും 'അതിരടി' വെന്നിക്കൊടി പാറിക്കുകയാണ്.

മൂന്നാം ദിനത്തില്‍ വിദേശത്തുനിന്നുമാത്രം ആറു കോടി രൂപയാണ് കളക്ട് ചെയ്തത്. ഇതോടെ ചിത്രത്തിന്റെ ആകെ ഓവര്‍സീസ് ഗ്രോസ് കളക്ഷന്‍ 16 കോടിയായി ഉയര്‍ന്നു. ഇന്ത്യയിലെയും വിദേശത്തെയും കളക്ഷന്‍ ഒന്നിച്ച് ചേരുമ്പോള്‍ നിലവില്‍ 33.89 കോടി രൂപയാണു ചിത്രത്തിന്റെ ആഗോളനേട്ടം.

'അതിരടി'യിൽ ബേസിൽ ജോസഫ്

'മിന്നല്‍ മുരളി'ക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് അതിരടി എത്തിയത്. മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തായ അരുണ്‍ അനിരുദ്ധന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കോളജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാംകുട്ടി എന്ന വിദ്യാര്‍ഥിയായി ബേസില്‍ ജോസഫും, കുട്ടന്‍ എന്ന റൗഡിയായി ടൊവിനോ തോമസും എത്തുമ്പോള്‍ ഇവര്‍ തമ്മിലുണ്ടാകുന്ന ഈഗോയും തര്‍ക്കങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. വിനീത് ശ്രീനിവാസന്‍, വിഷ്ണു അഗസ്ത്യ, റിയ ഷിബു, ഷാന്‍ റഹ്‌മാന്‍, സറിന്‍ ഷിഹാബ് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.