'തുടരും' എന്ന ഇന്‍ഡസ്ട്രി ഹിറ്റിനുശേഷം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന 'അതിമനോഹരം' എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണു പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. എന്നാല്‍, ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്കിടയിലുള്ള വലിയ ചര്‍ച്ചയ്ക്കു വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
'തുടരും' സിനിമയിലേതുപോലെ ലാലേട്ടന്റെ തകര്‍പ്പന്‍ ഫൈറ്റുകള്‍ 'അതിമനോഹര'ത്തിലും പ്രതീക്ഷിക്കുന്നുണ്ടെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ കുറവാണെങ്കില്‍ അത് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കണമെന്ന ചോദ്യത്തിനാണ് തരുണ്‍ നേരിട്ടു മറുപടി നല്‍കിയത്.
'ഇതൊരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു. തുടരും പോലെയുള്ള ഒരു സിനിമയല്ലാത്തതുകൊണ്ടാണ് ഈ ചിത്രം ചെയ്യാന്‍ തന്നെ തീരുമാനിച്ചത്. അതുകൊണ്ട് ദയവായി ആ രീതിയിലുള്ള താരതമ്യങ്ങള്‍ ഒഴിവാക്കുക'-തരുണ്‍ വ്യക്തമാക്കി.
ചിത്രം പോലീസിന്റെ നടപടിക്രമങ്ങളുടെ പശ്ചാത്തലത്തിലുള്ള ഫാമിലി ഡ്രാമയാണെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ 'ടി. എസ്. ലൗലജന്‍' എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ താടി വടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന ഗെറ്റപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. 'ദൃശ്യം 3' യ്ക്ക് ശേഷം മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്ന മലയാള ചിത്രം കൂടിയാണിത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് 'അതിമനോഹരം'.
നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ 'L365' എന്ന പേരില്‍ പ്രഖ്യാപിച്ച പ്രോജക്ടില്‍ നിന്നാണു പിന്നീടു മാറ്റങ്ങളോടെ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ 'L366' ആയി ചിത്രം ഒരുങ്ങുന്നത്. രതീഷ് രവിയാണു ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.
'തുടരും' ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിങ്: വിവേക് ഹര്‍ഷന്‍, ആര്‍ട്ട്: ഗോകുല്‍ ദാസ്.