അനു സിതാര ഫോട്ടോ-വിഷ്ണു പ്രസാദ്
Malayalam

ഷാർജയിൽ 'കമലദള'വുമായി അനുസിതാര; ഉദ്ഘാടനം ഡിസംബർ 14ന്

പപ്പപ്പ റിപ്പോര്‍ട്ടര്‍

മികച്ച അഭിനേത്രിക്കൊപ്പം നല്ലൊരു നർത്തകിയും കൂടിയാണ് അനു സിതാര. കുട്ടിക്കാലം തൊട്ടേ ചിലങ്കയും അതിന്റെ താളവും അനുവിനൊപ്പമുണ്ട്. ഇപ്പോൾ യു.എ.ഇയിൽ നൃത്തവിദ്യാലയം ആരംഭിച്ചുകൊണ്ട് പുതിയൊരു ചുവടുവയ്പ് നടത്തുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം. ഷാർജ മുവേല കൊമേഴ്സ്യലിലാണ് അനു സിതാരയുടെ നൃത്തവിദ്യാലയം. 'കമലദളം' എന്നാണ് പേര്. ഡിസംബർ 14ന് ആണ് ഉദ്ഘാടനം.

ഭരതനാട്യം,മോഹിനിയാട്ടം,കുച്ചുപ്പുടി എന്നിവയാണ് ആദ്യഘട്ടത്തിൽ 'കമലദള'ത്തിൽ പഠിപ്പിക്കുക. ബാക്കിയുള്ള നൃത്തരൂപങ്ങളും താമസിയാതെ പഠിപ്പിച്ചുതുടങ്ങും. ബോളിവുഡ് ഉൾപ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ടാകും. അനു സിതാര തന്നെയാണ് 'കമലദള'ത്തിലെ പ്രധാന നൃത്താധ്യാപിക. കൂടാതെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് നൃത്തത്തിൽ ബിരുദാനന്തരബിരുദം നേടിയ ആർ.എൽ.വി അഞ്ജലിയുമുണ്ടാകും.

അനു സിതാരയുടെ കമലദളം നൃത്തവിദ്യാലയം ലോ​ഗോ

കർണാടകസം​ഗീതം പഠിപ്പിക്കുന്നത് അനു സിതാരയുടെ സഹോദരി അനു സോനാരയാണ്. ആർ.എൽ.വിയിൽ നിന്ന് സം​ഗീതത്തിൽ ബിരുദം നേടിയ അനു സോനാര ബാം​ഗ്ലൂർ രേവ യൂണിവേഴ്സിറ്റിയിൽ നിന്ന് സം​ഗീതത്തിൽതന്നെ ബിരുദാനന്തരബിരു​ദവും നേടി.

അനു സിതാര

ഒരു നൃത്തവിദ്യാലയം തുടങ്ങണമെന്നത് ഏറെ നാളായുള്ള ആ​ഗ്രഹമായിരുന്നുവെന്ന് അനു സിതാര പറയുന്നു. 'തുടക്കം ക്ലാസ്സിക്കൽ ഡാൻസിലൂടെയാകാം എന്നു വിചാരിച്ചു. ബാക്കിയുള്ളവ സാവധാനത്തിൽ തുടങ്ങും. ഡാൻസ് സ്കൂൾ ആരംഭിക്കുമ്പോൾ അവിടേക്ക് കൊണ്ടുവരുന്ന അധ്യാപകർ നൃത്തത്തിലും പാട്ടിലും അത്യാവശ്യം നല്ല അറിവുള്ളവരാകണം എന്ന് നിർബന്ധമുണ്ടായിരുന്നു. അനിയത്തി കൂടിയുള്ളത് വലിയൊരു സപ്പോർട്ട് തന്നെയാണ്'-അനു സിതാര പറഞ്ഞു

അനു സിതാര

'കമലദളം' എന്ന പേര് നിർ​ദേശിച്ചത് അനുവിന്റെ ഭർത്താവ് വിഷ്ണു പ്രസാദാണ്. 'ഏതുപേരിടണം എന്ന് ആലോചിച്ചിരുന്നപ്പോൾ വിഷ്ണുവേട്ടനാണ് ചോ​ദിച്ചത്,'കമലദളം' എന്നായാലോ എന്ന്. ലാലേട്ടന്റെ 'കമലദളം' എന്ന സിനിമ നൃത്തവുമായി ബന്ധപ്പെട്ടതാണല്ലോ. അതുകൊണ്ട് ആ പേര് നല്ലപോലെ യോജിക്കും എന്നു തോന്നി. അങ്ങനെ ആ പേരുതന്നെ തീരുമാനിക്കുകയായിരുന്നു- അനുസിതാര പറഞ്ഞു. കമലദളത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ +971 563039586 എന്ന നമ്പരിൽ ലഭിക്കും.