ആന്റണി വർ​ഗീസ് പെപ്പെ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'കാട്ടാള'നെ തകര്‍ക്കാന്‍ 'ദൃശ്യം 3' പിആര്‍ ടീം? അത് വ്യാജവാർത്ത എന്ന് പെപ്പെ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍, കാട്ടാളന്റെ റിലീസിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വ്യാജ പ്രചരണങ്ങള്‍ക്കു മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. ചിത്രത്തിനെതിരെ ബോധപൂര്‍വം റിവ്യൂ ബോംബിങ് നടക്കുന്നുണ്ടെന്നും, ഇതിനു പിന്നില്‍ തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'ദൃശ്യം 3' എന്ന ചിത്രത്തിന്റെ പിആര്‍ ടീമാണെന്നുമുള്ള രീതിയിലായിരുന്നു പ്രചരണം. 'ആന്റണി വര്‍ഗീസ് ഫാന്‍സ് ക്ലബ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉയര്‍ന്നത്.

എന്നാല്‍ ഈ പോസ്റ്റിനെ പൂര്‍ണമായി തള്ളിക്കൊണ്ട് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പെപ്പെ ഇതിനെതിരെ പ്രതികരിച്ചത്- 'എന്റെ ഫാന്‍സ് പേജ് എന്ന വ്യാജേന, ഒരു ഫേസ്ബുക്ക് പേജ് അനാവശ്യമായ ആരോപണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പേജിന് എന്നോടോ എന്റെ യഥാര്‍ഥ ഫാന്‍സ് കമ്യൂണിറ്റിയോടോ യാതൊരുവിധ ബന്ധവുമില്ല. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്. അവിടെ വരുന്ന പോസ്റ്റുകള്‍ ആരും വിശ്വസിക്കുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്.'-പെപ്പെ പറഞ്ഞു.

'കാട്ടാളൻ' ടീസറിൽ നിന്ന്

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ 'ദൃശ്യം 3' ഏഴു ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടംനേടി തിയേറ്ററുകളില്‍ മുന്നേറുമ്പോഴാണ്, ഇങ്ങനെയൊരു വ്യാജ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ സിനിമാമേഖലയില്‍ അനാവശ്യമായ തര്‍ക്കങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണു നടന്നതെന്നു വ്യക്തം.

പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത 'കാട്ടാളന്‍' ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണു പറയുന്നത്. സാങ്കേതികമായി മികച്ച നിലവാരം പുലര്‍ത്തുന്ന ചിത്രത്തിന് മിശ്രപ്രതികരണങ്ങളാണ് തിയറ്ററുകളില്‍നിന്നു ലഭിക്കുന്നത്.