ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന അരുണ്‍ അനിരുദ്ധന്‍ ചിത്രം 'അതിരടി'ക്ക് പ്രശംസയുമായി നടന്‍ അജു വര്‍ഗീസ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ ആഗോളതലത്തില്‍ 50 കോടിയിലധികം രൂപ വാരിക്കൂട്ടി മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയിലാണ് സിനിമയെയും അതിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ട് അജു വര്‍ഗീസ് രംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് താരം സിനിമയെക്കുറിച്ചുള്ള അഭിപ്രായം കുറിച്ചത്.
ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച എന്റര്‍ടെയ്നര്‍ എന്നാണ് അജു പ്രശംസിച്ചത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും അജു പ്രത്യേകം പരാമര്‍ശിച്ചു. സിനിമയിലെ സംഗീതവും ദൃശ്യങ്ങളുമായി ഇഴചേര്‍ന്നുപോയരീതിയും തിയറ്റര്‍ അനുഭവം മികച്ചതാക്കാന്‍ ഏറെ സഹായിച്ചുവെന്ന് താരം കുറിച്ചു. ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍, റിയ ഷിബു, വിഷ്ണു അഗസ്ത്യ, ഷെല്‍വിന്‍ ജെയിംസ്, ഗംഗാ മീര, ടിസ് തോമസ് എന്നിവരുടെ പ്രകടനങ്ങളെയും അജു അഭിനന്ദിച്ചു. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ വിഷ്ണു വിജയ്, നിര്‍മാതാവ് ഡോ. അനന്തു എസ്. എന്നിവരെയും പ്രശംസിക്കാന്‍ താരം മറന്നില്ല.
വര്‍ഷങ്ങളായി കോളജില്‍ നടക്കാതിരുന്ന ഒരു ഫെസ്റ്റിവല്‍ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പ്രേക്ഷകരെ ആവേശം കൊള്ളിച്ചുകൊണ്ട് 'അതിരടി' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.