മലയാളത്തിൽ നിന്ന് തെന്നിന്ത്യൻ താരപദവിയിലേക്കുയർന്ന ഐശ്വര്യലക്ഷ്മി സോഷ്യൽ മീഡിയ വിടുന്നതായി പ്രഖ്യാപിച്ചു. സമൂഹമാധ്യങ്ങൾ മടുത്തുവെന്ന് നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. അഭിനയത്തിലും സിനിമയിലും ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്നതെന്നും തന്നെ സ്നേഹിക്കുന്നവർക്കായി എഴുതിയ കുറിപ്പിൽ തെന്നിന്ത്യൻ സുന്ദരി പറഞ്ഞു. കഴിഞ്ഞദിവസം അനുഷ്ക ഷെട്ടിയും സോഷ്യൽ മീഡിയയോട് താത്കാലികമായി വിടപറയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നുയ
'സോഷ്യൽ മീഡിയയുടെ ഉപയോഗംമൂലം ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതെപോകുന്നു. അഭിനേത്രി എന്ന നിലയിൽ കരിയറിന് സോഷ്യൽ മീഡിയ ആവശ്യമാണെന്ന ആശയം വളരെക്കാലമായി എനിക്കുണ്ടായിരുന്നു. ചലച്ചിത്രലോകത്തു നിലനിൽക്കാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആവശ്യവുമാണ്. കാലത്തിനനുസരിച്ച് നീങ്ങേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതി, പ്രത്യേകിച്ച് നമ്മൾ നിലനിൽക്കുന്ന വ്യവസായത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ. പലപ്പോഴും സമൂഹമാധ്യമങ്ങൾ എന്റെ ജോലിയെയും അന്വേഷണത്തെയും പ്രതികൂലമായി ബാധിച്ചു. എന്നിൽനിന്ന് യഥാർഥ ചിന്തകളെ എടുത്തുകളഞ്ഞു. എന്റെ ഭാഷയെയും ബാധിച്ചു. ലളിതമായ ആനന്ദങ്ങളെയും ഇല്ലാതാക്കി...' ഐശ്വര്യലക്ഷ്മി പറഞ്ഞു.
ആളുകൾ ചിലപ്പോൾ, തന്നെ മറന്നുപോയേക്കാമെന്നും താരം പറഞ്ഞു. 'ആ റിസ്ക് ഞാൻ ഏറ്റെടുക്കുന്നു. ജീവിതത്തിൽ കൂടുതൽ അർഥവത്തായ ബന്ധങ്ങളും സിനിമയും ഞാൻ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഞാൻ അർഥവത്തായ സിനിമ ചെയ്യുകയാണെങ്കിൽ, എനിക്ക് സ്നേഹം നൽകൂ... സന്തോഷത്തോടെ, ഐശ്വര്യ ലക്ഷ്മി.' കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
തമിഴ് ചിത്രമായ ഗാട്ട ഗുസ്തി 2, മലയാളം ചിത്രമായ ആശ, തെലുങ്ക് ചിത്രമായ എസ്വൈജി തുടങ്ങിയവയാണ് ഐശ്വര്യലക്ഷ്മിയുടെ പുതിയ പ്രോജക്ടുകൾ.