മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ഉർവ്വശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്. പ്രവചനാതീതമായ മുഖഭാവങ്ങളുമായാണ് ഉർവശിയേയും ജോജുവിനേയും പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളായിരിക്കും പ്രേക്ഷകർക്ക് 'ആശ'നല്കുകയെന്ന സൂചനയാണ് പോസ്റ്ററിലുള്ളത്.
അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ചിത്രത്തിൽ ഉർവശി എത്തുന്നത്. പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഉർവശിയുടെ തീക്ഷ്ണമായ നോട്ടം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ജോജു ജോർജും മുൻപെങ്ങും കാണാത്ത വിധത്തിലുള്ള വേറിട്ടൊരു ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.
ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം. സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.