സൈജു കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ 'ആരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ സി ഐ ആന്റോ ഈപ്പൻ എന്ന കഥാപാത്രമായി പോലീസ് യൂണിഫോമിൽ നിൽക്കുന്ന സൈജു കുറുപ്പാണ് പോസ്റ്ററിലുള്ളത്.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ‘കിനാവള്ളി’ എന്ന ചിത്രത്തിൻ്റെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ്. സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും, അദ്ദേഹത്തിന്റെ മനസിനുള്ളിലെ സംഘർഷങ്ങളും, അതിനെത്തുടർന്ന് നടക്കുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രത്തിന്റെ നിർമാണം. അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ, എഡിറ്റിങ് വി. സാജൻ, സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണൻ എന്നിവരാണ് നിർവഹിക്കുന്നത്. ഗുഡ്ഫെല്ലാസ് റിലീസും റോവാൻ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. കൃത്യമായ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.