ചങ്ങനാശ്ശേരി ചിങ്ങവനം സെയ്ന്റ് ജോർജ് തീയറ്ററിൽ തുടങ്ങിയ ഒരു ഭ്രാന്തൻയാത്ര ജർമനിയിലെ ഗുമ്മർബാഷ് നഗരത്തിലുള്ള ഒബർബർഗ് എന്ന മാനസികരോഗ ചികിത്സാലയത്തിന്റെ ഭിത്തിയിൽ ഫ്രെയിം ചെയ്തുവെച്ച പോസ്റ്ററിൽ പൂർണമായിരിക്കുന്നു. 'മണിച്ചിത്രത്താഴ്' എന്ന സിനിമയുടെ ആ പോസ്റ്ററിൽ ഒപ്പിട്ടിരിക്കുന്നത് അവരെല്ലാമാണ്-ഡോ.സണ്ണി,നകുലൻ,ഗംഗ പിന്നെ അവരെ സൃഷ്ടിച്ച ഫാസിൽ,മധുമുട്ടം... അതുകൊണ്ടുതന്നെ അതിന്റെ മൂല്യം ലക്ഷങ്ങളുമാണ്. അതിനരികെ നിന്ന് ഡോ.ജെമി കുര്യാക്കോസ് തനി കോട്ടയംഭാഷയിൽ പറയുന്നു: ഇപ്പഴാ ഒന്ന് സമാധാനമായേ...
ഈ പോസ്റ്റർ ഡോ.ജെമിയുടെ ജീവിതയാത്രയുടെ ചിത്രരൂപമാണെന്ന് പറയാം. ഒരു സിനിമാക്കഥപോലെയുള്ള അത് തുടങ്ങുന്നത് മുപ്പത്തിയൊന്നുവർഷം മുമ്പ് ചിങ്ങവനത്തെ ഒരു തീയറ്ററിലാണ്. അപ്പനും അമ്മയും ജർമനിയിൽ ജോലിനോക്കുകയായിരുന്നതിനാൽ നാട്ടിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന ജെമിക്കായിരുന്നു തീയറ്റർ നടത്തിപ്പിന്റെ മേൽനോട്ടം. 1993 ഡിസംബർ 25ന് റിലീസ് ചെയ്ത മണിച്ചിത്രത്താഴ് പിറ്റേവർഷമാണ് ഈ ബി ക്ലാസ് തീയറ്ററിൽ പ്രദർശനത്തിനെത്തിയത്. ആദ്യഷോകഴിഞ്ഞപ്പോഴേ ഡോ.സണ്ണി ജെമിയുടെ മനസ്സിന്റെ തെക്കിനിയിലേക്ക് മെതിയടിയിട്ട്,ഊന്നുവടി കുത്തി നടന്നുകയറി. സെക്കന്റ്ഷോയും കഴിഞ്ഞിറങ്ങിയ ആ രാത്രിയിൽ ജെമി ഉറപ്പിച്ചു. 'എനിക്ക് ഡോ.സണ്ണിയാകണം.'
പിന്നെ ഡോ.സണ്ണിയുടെ പിന്നാലെ അയാളെപ്പോലെയാകാനുള്ള യാത്രയായിരുന്നു. നാട്ടിലെ പഠനം പൂർത്തിയാക്കി ജർമനിയിലേക്ക് തിരിച്ചുപോയി സൈക്യാട്രി പ്രധാനവിഷയമായി ബി.എസ്.സി നഴ്സിങ് ജയിച്ചു. അതിനുശേഷം എം.ബി.ബി.എസ്. ഒടുവിൽ സൈക്യാട്രിയിൽ തന്നെ എം.ഡി. ഇപ്പോൾ ഗുമ്മർബാഷിലെ ഒബർബർഗ് ആശുപത്രിയിൽ മുതിർന്നവരുടെ മാനസികാരോഗ്യചികിത്സകൻ.
2025 ആഗസ്റ്റിൽ 'മണിച്ചിത്രത്താഴ്' റീ-റിലീസ് ചെയ്യുന്നതറിഞ്ഞ് ജർമനിയിൽ നിന്ന് ഡോ.ജെമി പാഞ്ഞെത്തി. അപ്പോഴേക്കും ഏതാണ്ട് ഇരുനൂറിലധികം തവണ ആ സിനിമ കണ്ടുകഴിഞ്ഞിരുന്നു.ഡോൾബി അറ്റ്മോസിലും ഫോർ കെയിലും റീമാസ്റ്റർ ചെയ്ത 'മണിച്ചിത്രത്താഴി'ന്റെ പ്രിവ്യൂ കാണാൻ കൊച്ചിയിലെത്തുമ്പോൾ പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചുവച്ച ചിലതുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തീയറ്ററിലൊട്ടിക്കാൻ കൊണ്ടുവന്ന 'മണിച്ചിത്രത്താഴി'ന്റെ പോസ്റ്റർ,സിനിമയുടെ വീഡിയോ,ഓഡിയോ കാസറ്റുകൾ പിന്നെ സാബുകൊളോണിയ തന്നെ രൂപകല്പന ചെയ്തുകൊടുത്ത രണ്ടുവലിയ പുതിയ പോസ്റ്ററുകളും. ഒരെണ്ണത്തിൽ മോഹൻലാലിന്റെ സണ്ണിക്കും സുരേഷ് ഗോപിയുടെ നകുലനും ശോഭനയുടെ ഗംഗയ്ക്കും കീഴേ ഇന്ന് നമ്മോടൊപ്പമില്ലാത്ത ഇന്നസെന്റ്,നെടുമുടിവേണു,തിലകൻ,കെ.പി.എ.സി.ലളിത,കുതിരവട്ടം പപ്പു എന്നിവരുടെ കഥാപാത്രങ്ങളുടെ ചെറിയ ചിത്രങ്ങൾ. രണ്ടാമത്തേതിൽ ഡോ.സണ്ണിയുടെ പ്രശസ്തമായ ഇൻട്രോ സീനിലെ ഒരു നിമിഷവും നൃത്തം ചെയ്യുന്ന ശോഭനയുടെ രൂപവും. ഇതിന് താഴെയുമുണ്ട് ആ അഞ്ച് ഓർമച്ചിത്രങ്ങൾ.
ഈരണ്ട് പോസ്റ്ററുകളിലും ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ഒരൊപ്പ്. ഈ മോഹം കൂടി മനസ്സിനുള്ളിൽ സൂക്ഷിച്ചുകൊണ്ടാണ് രണ്ടാഴ്ചത്തെ അവധിയെടുത്ത് ഡോ.ജെമി പുതിയ 'മണിച്ചിത്രത്താഴ്' കാണാൻ വന്നത്. അസാധ്യമെന്ന് അറിയാമെങ്കിലും ഒന്ന് ശ്രമിച്ചുനോക്കാം,അത്രയേ കരുതിയുള്ളൂ. പക്ഷേ വ്യത്യസ്തനായ ആരാധകന്റെ ജീവിതകഥ 'മാതൃഭൂമി'യിൽ മോഹൻലാൽ വായിച്ചറിഞ്ഞതോടെ 'മണിച്ചിത്രത്താഴി'ന്റെ ക്ലൈമാക്സിലെപ്പോലെ കാര്യങ്ങൾ 'കീഴ്മേൽ' മറിഞ്ഞു. ജെമിയെ കാണാൻ താത്പര്യം പ്രകടിപ്പിച്ച ലാൽ രണ്ടുമണിക്കൂറിലധികമാണ് കുണ്ടന്നൂരിലെ ഫ്ളാറ്റിൽ ഒപ്പം ചെലവിട്ടത്. ഡോ.സണ്ണിയാകാൻ തീരുമാനിച്ചതിന്റെ കഥ ഡോ.ജെമി പറഞ്ഞപ്പോൾ 'എന്തുകൊണ്ടാണ് ഒരാൾ ഇങ്ങനെയൊക്കെയായിത്തീരുന്നത് എന്നതിന് എന്താണ് വൈദ്യശാസ്ത്രത്തിന്റെ ഉത്തരം' എന്നറിയാനായിരുന്നു ലാലിന്റെ കൗതുകം. 'ബാല്യകൗമാരങ്ങളിൽ നോക്കിനില്കാൻ ആരെങ്കിലുമൊക്കെ വേണം മനുഷ്യമനസ്സിന്'-ഇതായിരുന്നു ജെമിയുടെ ഉത്തരം.
ജെമി നിധി പോലെ സൂക്ഷിച്ചുകൊണ്ടുനടന്ന പോസ്റ്ററിൽ രണ്ടെണ്ണത്തിലും ലാൽ ഒപ്പിട്ടുകൊടുത്തു. പിന്നീടെല്ലാം എളുപ്പമായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ.സാജനിലൂടെ സുരേഷ് ഗോപിയിലേക്ക്. തൃശ്ശൂരിൽവച്ച് അദ്ദേഹത്തെ നേരിട്ട് കണ്ട് കൈയൊപ്പുവാങ്ങൽ. ഡോ.ജെമിയുടെ ആവേശം നേരിട്ടുകണ്ട സുരേഷ് ഗോപി തന്നെ ശോഭനയിലേക്കുള്ള വഴിതുറന്നു. തുടർന്ന് ശോഭനയെകാണാൻ ചെന്നൈയിലേക്ക്. നൃത്തപരിശീലനത്തിനിടയിലും ഡോ.ജെമിക്ക് വേണ്ടി കുറേ നിമിഷങ്ങൾ അവരും നീക്കിവച്ചു.
ഒടുവിൽ കൊച്ചിയിൽ വച്ച് സംവിധായകൻ ഫാസിലും 'മണിച്ചിത്രത്താഴ്' പിറന്ന ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിൽവച്ച് തിരക്കഥാകൃത്ത് മധുമുട്ടവും ജെമിയുടെ ചിരകാലസ്വപ്നത്തിൽ ഒപ്പിട്ടു. പിന്നെ നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ,'മണിച്ചിത്രത്താഴി'ന്റെ റീ റിലീസിന് നേതൃത്വം നല്കിയ സോമൻപിള്ള,പോസ്റ്റർ രൂപകല്പന ചെയ്ത സാബുകൊളോണിയ എന്നിവരുടെ ഒപ്പുകളും വാങ്ങി തിരികെ ജർമനിയിലേക്ക്.
വെയിലും മഴയുമേറ്റാലും നശിക്കാത്ത വിധം പ്രത്യേക സംവിധാനങ്ങളോടെയാണ് രണ്ട് പോസ്റ്ററുകളും ഫ്രെയിം ചെയ്തെടുത്തത്. ഇതിനുതന്നെ കുറേപണം ചെലവിട്ടു. 'ആയുസ്സിലൊരിക്കലേ ഇത്തരമൊന്ന് കിട്ടത്തള്ളൂ..അത്രത്തോളം ഞാനതിനുവേണ്ടി ആഗ്രഹിച്ചു. അതൊരിക്കലും നശിക്കരുതല്ലോ..'-ഡോ.ജെമി പറയുന്നു.
മൂന്ന് പ്രധാന അഭിനേതാക്കളുമുള്ള പോസ്റ്റർ ആശുപത്രിയിൽ ജെമിയുടെ ഓഫീസ് മുറിയുടെ ഭിത്തിയിലാണുള്ളത്. ഏതാണ്ട് അമ്പതുലക്ഷത്തിലധികം ഇന്ത്യൻരൂപയ്ക്ക് ഇത് ഇൻഷ്വർ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ പോസ്റ്റർ തന്റെ സ്വകാര്യതകൾക്കൊപ്പം ചേർത്ത് വീട്ടിൽ സൂക്ഷിക്കുന്നു. ഈ യാത്രക്കിടെ ഒരിക്കലും കാണാനാകില്ലെന്ന് വിചാരിച്ച ഒരാളുടെ സൗഹൃദം ഡോ.ജെമിക്ക് കിട്ടി. ഇന്ന് ഒരുവാട്സ് ആപ്പ് സന്ദേശത്തിന്റെയോ ഫോൺകോളിന്റെയോ അത്രയും അരികെ അദ്ദേഹമുണ്ട്-ഡോ.സണ്ണിയെന്ന മോഹൻലാൽ.