ആർ.എച്ച് എന്റർപ്രൈസസിന്റെ ബാനറിൽ എൻ. ഹനുമന്തരാജുവും ലയൺ എസ്. വെങ്കിടേഷും ചേർന്നുനിർമിച്ച കന്നഡചിത്രം 'പെൻഡ്രൈവ്' ജൂലായ് നാലിനു തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്‍റെയും കഥാപാത്രങ്ങളുടെയും പേരുകൊണ്ടു സാൻഡൽവുഡിൽ മാത്രമല്ല, കർണാടകയിലാകെ ചർച്ചയായ ചിത്രമാണ് 'പെൻഡ്രൈവ്'. സെബാസ്റ്റ്യൻ ഡേവിഡ് ആണ് 'പെൻഡ്രൈവി'ന്‍റെ സംവിധായകൻ.
നിയമവാഴ്ചയിൽ അടിയുറച്ചു വിശ്വസിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ രമ്യയും രക്ഷിതയും അഴിമതിക്കാരനായ രാഷ്ട്രീയക്കാരൻ ഡി.കെ-ക്കെതിരേ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രധാന ഇതിവൃത്തം. ഡി.കെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള നിർണായക തെളിവുകൾ മോഷ്ടിക്കുകയും രമ്യയെ ലൈംഗിക്കെണിയിൽ വീഴ്ത്തുകയും ചെയ്യുന്നു. തുടർന്നുള്ള സസ്പെൻസ്-ത്രില്ലർ രംഗങ്ങളിലൂടെ സിനിമ മുന്നോട്ടുപോകുന്നു.
പാട്ടുകൾക്കും ഏറെ പ്രധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം നടന്നു. ഡോ. വി. നാഗേന്ദ്രപ്രസാദ് ആണ് ചിത്രത്തിനു സംഗീതമൊരുക്കിയത്. ഗാനരചനയും അദ്ദേഹത്തിന്‍റേതാണ്. പാട്ടുകൾ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറി. മാലശ്രീ, തനിഷ കുപ്പണ്ട, കിഷൻ ബിലഗലി, കാരി സുബ്ബു, അർച്ചന പില്ലെഗൗഡ, സജ്ജന നായിഡു എന്നിവരാണു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.