'ടോക്സിക്' പോസ്റ്റർ അറേഞ്ച്ഡ്
Kannada

'ടോക്‌സിക്' കഥാസം​ഗ്രഹം പുറത്ത്; ഇത് വെറുമൊരു ഗുണ്ടാപ്പടമല്ലേയെന്ന് പ്രേക്ഷകർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

പാന്‍ ഇന്ത്യന്‍ താരം യാഷ് നായകനാകുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' എന്ന ചിത്രത്തിനായി ആരാധകരും ചലച്ചിത്രാസ്വാദകരും ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ കഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. കെജിഎഫിന് ശേഷമുള്ള ഈ യാഷ് ചിത്രം, ബോളിവുഡ്-ഹോളിവുഡ് പാറ്റേണിലുള്ള ഗ്യാങ്സ്റ്റര്‍ ചിത്രമാണെന്നു പറയുന്ന സിനിമാപ്രേമികൾ, ഇതാണോ ഇത്രയും കൊട്ടിഘോഷിക്കുന്നതെന്നും ചോദിക്കുന്നു.

യുഎഇ വിതരണക്കാരായ ഫാര്‍സ് ഫിലിംസ് വെബ്‌സൈറ്റില്‍ പങ്കുവച്ച കഥാസംഗ്രഹത്തിലാണ് ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് വിവരിക്കുന്നത്. 1940 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തിലെ ഗോവയാണ് സിനിമയുടെ പശ്ചാത്തലം. കൊളോണിയല്‍ ഭരണം അവസാനിക്കുന്നതും ക്രിമിനല്‍ സിന്‍ഡിക്കേറ്റുകള്‍ വളരുന്നതുമായ കാലത്ത്, രക്തച്ചൊരിച്ചിലുകളിലൂടെയും വഞ്ചനയിലൂടെയും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ഒരു യുവാവിന്റെ കഥയാണിത്. 'അധികാരം ആരും നല്‍കുന്നതല്ല, അത് പിടിച്ചെടുക്കുന്നതാണ്' എന്ന ടാഗ്ലൈനോടെയാണ് ഈ ആക്ഷന്‍-ത്രില്ലര്‍ എത്തുന്നത്.

ടോക്സിക്കിൽ താര സുതാരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

'റായ' എന്ന അധോലോക നായകനായാണ് യാഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. നയന്‍താര,കിയാര അദ്വാനി, താര സുതരിയ, ഹുമ ഖുറേഷി എന്നിവരും കേന്ദ്രകഥാപാത്രങ്ങളാകുന്നു. രുക്മിണി വസന്ത്, അക്ഷയ് ഒബ്‌റോയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിലെ ചില രംഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. മാര്‍ച്ച് 19-നാണ് 'ടോക്‌സിക്' ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുന്നത്. രണ്‍വീര്‍ സിങ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ധുരന്ധര്‍ 2'-വുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനായിരിക്കും ചലച്ചിത്രലോകം സാക്ഷ്യംവഹിക്കുന്നത്. റിലീസ് മാറ്റിവയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും, നിശ്ചയിച്ച തീയതിയില്‍തന്നെ സിനിമ പ്രേക്ഷകരിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.