കന്നഡ സൂപ്പര്‍താരം യാഷ് തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണെങ്കിലും ആരാധകര്‍ക്ക് ഇപ്പോഴും അറിയേണ്ടത് ഒന്നുമാത്രം, 'കെജിഎഫ് 3' എപ്പോഴുണ്ടാകും? ബോക്സ് ഓഫീസ് വിറപ്പിച്ച 'റോക്കി ഭായ്' വീണ്ടുമെത്തുന്നതും കാത്തിരിക്കുന്ന സിനിമാപ്രേമികള്‍ക്ക് ആവേശകരമായ വാര്‍ത്തയാണ് സൂപ്പര്‍താരം പങ്കുവയ്ക്കുന്നത്.
ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് യാഷ്. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണു താരം ചിത്രത്തെക്കുറിച്ചു സംസാരിച്ചത്. കെജിഎഫ് 3-യ്ക്കായി ആരാധകര്‍ വലിയ രീതിയില്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ അനുയോജ്യമായ സമയത്തു മാത്രമേ ചിത്രം സംഭവിക്കൂ. 'കേവലം സാമ്പത്തിക നേട്ടത്തിനുവേണ്ടിയോ, കെജിഎഫ് എന്ന പേരിന്റെ ഹൈപ്പ് മുതലെടുക്കാന്‍ വേണ്ടിയോ മാത്രം സിനിമ ചെയ്യുക എന്നതു ഞങ്ങളുടെ ലക്ഷ്യമല്ല. പ്രേക്ഷകര്‍ക്കു പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ക്കു ബോധ്യമുള്ള മികച്ച കഥ വരുമ്പോള്‍ മാത്രമേ കെജിഎഫ് 3 സംഭവിക്കുകയുള്ളു.'-യാഷ് വ്യക്തമാക്കി.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗം 2018-ലും, റെക്കോഡുകള്‍ തകര്‍ത്ത രണ്ടാം ഭാഗം 2022-ലുമാണ് തിയേറ്ററുകളിലെത്തിയത്. അതേസമയം യാഷ് ആരാധകരെ ഒരേസമയം നിരാശരാക്കുന്ന മറ്റൊരു വാര്‍ത്തയും പുറത്തുവരുന്നുണ്ട്. നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ബിഗ് ബജറ്റ് ചിത്രം 'ടോക്സിക്' റിലീസ് നീട്ടിവച്ചു.
ആദ്യം പ്രഖ്യാപിച്ചതനുസരിച്ച് ജൂണ്‍ നാലിനായിരുന്നു ചിത്രം തിയറ്ററുകളിലെത്തേണ്ടിയിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയായെങ്കിലും, ലോകമെമ്പാടുമുള്ള വന്‍കിട വിതരണക്കാരുമായുള്ള കരാറുകള്‍ ഏകോപിപ്പിക്കുന്നതിനാണ് റിലീസ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
'സിനിമാകോണ്‍ 2026' മേളയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രിവ്യൂ നടന്നിരുന്നു. അവിടെനിന്നു ലഭിച്ച മികച്ച പ്രതികരണമാണ്, ചിത്രത്തെ ആഗോളതലത്തില്‍ വമ്പന്‍ ഹൈപ്പോടെ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ക്കു പ്രേരണയായത്. ലോകമെമ്പാടും ഒരേദിവസം ചിത്രം തിയറ്ററുകളില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
ഹോംബാലെ ഫിലിംസ് നിര്‍മിച്ച് ബോക്സ് ഓഫീസില്‍ യഥാക്രമം 238 കോടിയും 1215 കോടിയും വാരിയ കെജിഎഫ് ഒന്ന്, രണ്ട് ഭാഗങ്ങൾക്ക് ശേഷം യാഷിന്റേതായി റിലീസിനൊരുങ്ങുന്നത് 'ടോക്സിക്', 'രാമായണം' എന്നീ ചിത്രങ്ങളാണ്.