യാഷ് ഫോട്ടോ കടപ്പാട്-യാഷ് ഫേസ്ബുക്ക് പേജ്
Kannada

ജനുവരി എട്ട് യാഷിന്റെ ജന്മദിനം; 'ടോക്‌സിക്' ട്രെയിലര്‍ പ്രതീക്ഷിച്ച് ആരാധകര്‍

പപ്പപ്പ ഡസ്‌ക്‌

തെന്നിന്ത്യന്‍ സൂപ്പര്‍താരം യാഷിന്റെ 40-ാം ജന്മദിനമാണ് ജനുവരി എട്ട്. ഈ ദിനത്തില്‍ വന്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ആരാധകര്‍ പ്രതീക്ഷിക്കുന്നത് മറ്റൊന്നാണ്, ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ് ട്രെയിലര്‍! ഇതുവരെ സ്ഥിരീകരണമില്ലെങ്കിലും ആരാധകര്‍ക്കും ചലച്ചിത്രപ്രേമികള്‍ക്കും പിറന്നാള്‍ സമ്മാനമായി ടോക്‌സിക് ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഡിസംബര്‍ മുതല്‍ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കെജിഎഫ് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ടോക്‌സിക്കിന്റെ പ്രധാന അപ്ഡേറ്റ് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ട്രെയിലര്‍ റിലീസിനായി ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു.

'ടോക്സിക്' പോസ്റ്ററിൽ യാഷ്

നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, അക്ഷയ് ഒബ്റോയ്, സുദേവ് നായര്‍, അമിത് തിവാരി തുടങ്ങിയരും യാഷിനൊപ്പം ടോക്‌സില്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. താരങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷന്‍ ത്രില്ലറാണ് ടോക്‌സിക്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്ന ടോക്‌സിക് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുള്‍പ്പെടെ ആറ് ഇന്ത്യന്‍ ഭാഷകളില്‍ റിലീസ് ചെയ്യും.

കെജിഎഫ്: 2ന് ശേഷം യാഷിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ടോക്‌സിക്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറുകളില്‍ വെങ്കട്ട് കെ. നാരായണയും യാഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.