'ടോക്സിക്' ട്രെയിലറിൽ യാഷ് സ്ക്രീൻ​ഗ്രാബ്
Kannada

120 കോടി രൂപയുടെ കരാർ:'ടോക്സിക്' ആന്ധ്ര-തെലങ്കാന വിതരണാവകാശം എസ്.വി.സിക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

യാഷിനെ നായകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്' തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ പാൻ-ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചലച്ചിത്ര മേഖലയെ അമ്പരപ്പിച്ചുകൊണ്ട്, ദിൽ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (എസ്.വി.സി), ചിത്രത്തിന്റെ ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം 120 കോടി രൂപയ്ക്ക് സ്വന്തമാക്കി. തെലുങ്ക് ഇതര ഭാഷാ ചിത്രങ്ങളിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.

ടോക്സിക്കിന്റെ അണിയറപ്രവർത്തകരായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും, എസ്‌വിസിയും തമ്മിലുള്ള ഈ കരാർ, സിനിമയുടെ വലിപ്പത്തിലും ബോക്സ് ഓഫീസ് സാധ്യതകളിലും വിപണിക്കുള്ള ശക്തമായ വിശ്വാസത്തെ അടിവരയിടുന്നു. ആന്ധ്ര-തെലങ്കാന വിതരണാവകാശത്തിനായി മൂന്ന് പ്രമുഖ കമ്പനികൾ രംഗത്തുണ്ടായിരുന്നെങ്കിലും, ഒടുവിൽ എസ്‌വിസി ഈ കരാർ ഉറപ്പിക്കുകയായിരുന്നു. അഡ്വാൻസ് ഓൺ കമ്മീഷൻ അടിസ്ഥാനത്തിലാണ് കരാർ. പിവിആർ ഐനോക്സ് ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം നേടിയെന്നും വാർത്തകളുണ്ടായിരുന്നു. കെജിഎഫ് ചാപ്റ്റർ 2-ന് ശേഷം തെലുങ്ക് സംസ്ഥാനങ്ങളിൽ യാഷിന് ലഭിക്കുന്ന സ്വീകാര്യതയും ഈ വലിയ ബിസിനസ്സ് തുകയിൽ പ്രതിഫലിക്കുന്നുണ്ട്.

'ടോക്സിക്' ആന്ധ്ര-തെലങ്കാന വിതരണാവകാശം എസ്.വി.സി സ്വന്തമാക്കിയതിന്റെ ഭാ​ഗമായി പുറത്തിറക്കിയ പോസ്റ്റർ

'ഇന്ത്യൻ സിനിമയിലെ ശക്തമായ ഒരു താരമാണ് യാഷ്. കെജിഎഫ് 2-ന് ശേഷം ലോകമെമ്പാടും അദ്ദേഹത്തിന്റെ മാർക്കറ്റ് ഗണ്യമായി വളർന്നു. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം പുറത്തുവരുന്ന സിനിമയായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾ വളരെ വലുതാണ്. ഈ അഭിമാനകരമായ പ്രോജക്ട് അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്'- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിലെ ദിൽ രാജു അഭിപ്രായപ്പെട്ടു. ഭാവിയിലും യഷുമായി കൂടുതൽ സഹകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ അവാർഡുകളും നിരവധി ബ്ലോക്ക്ബസ്റ്ററുകളും സമ്മാനിച്ച എസ്‌വിസിയുടെ സാന്നിധ്യം ടോക്സിക്കിന്റെ മാറ്റുകൂട്ടുകയാണ്. സിനിമയോട് അഗാധമായ താല്പര്യമുള്ള ആന്ധ്ര, തെലങ്കാന വിപണികളിൽ ചിത്രത്തിനുള്ള വലിയ സാധ്യതയിലേക്ക് ഈ കൂട്ടുകെട്ട് വിരൽ ചൂണ്ടുകയും ചെയ്യുന്നു.

'ടോക്സിക്' പോസ്റ്ററിൽ യാഷ്

യാഷും ഗീതു മോഹൻദാസും ചേർന്ന് രചിച്ച 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.

ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് രവി ബസ്‌റൂർ സംഗീതം നൽകുന്നു. ഉജ്ജ്വൽ കുൽക്കർണിയാണ് എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈൻ ടി.പി. ആബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച കെംബക്ഡി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യാഷും ചേർന്ന് നിർമ്മിക്കുന്ന ടോക്സിക്, 2026 മാർച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്‌വ ആഘോഷങ്ങളോടനുബന്ധിച്ച് ലോകമെമ്പാടും റിലീസ് ചെയ്യും.