കെജിഎഫ് 2'വിന്റെ ചരിത്ര വിജയത്തിനുശേഷം റോക്കി ഭായ് വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തിയപ്പോള്‍ ബോക്‌സ് ഓഫീസ് പ്രകമ്പനം കൊള്ളുകയാണ്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനായെത്തിയ ബ്രഹ്‌മാണ്ഡചിത്രം 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' ആദ്യ ദിനം തന്നെ 140.75 കോടിയുടെ ആഗോള കളക്ഷന്‍ നേടി തിയേറ്ററുകളില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ചു. ഇന്ത്യയില്‍ നിന്നു മാത്രം 101.10 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് ചിത്രം വാരിക്കൂട്ടിയത്.
തെന്നിന്ത്യന്‍ സിനിമാലോകത്തെ അമ്പരപ്പിച്ചുകൊണ്ട് യഷിന്റെ മാതൃഭാഷയായ കന്നഡയേക്കാള്‍ ഇരട്ടിയിലധികം തുകയാണ് ഹിന്ദി പതിപ്പ് ആദ്യ ദിനം നേടിയത്. കന്നഡയില്‍ ചിത്രം 23.30 കോടി നേടിയപ്പോള്‍, ഹിന്ദി ബെല്‍റ്റില്‍ നിന്നു മാത്രം 55 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ നേടി യഷ് തന്റെ അഖിലേന്ത്യാ ജനപ്രീതി വീണ്ടും തെളിയിച്ചു. തെലുങ്കില്‍ 16 കോടിയും തമിഴില്‍ 5.50 കോടിയും മലയാളത്തില്‍ 1.30 കോടിയും നേടിയ ചിത്രം വിദേശ വിപണിയില്‍ നിന്ന് 20 കോടിയോളം രൂപയാണ് സ്വന്തമാക്കിയത്.
യഷിന്റെ തകര്‍പ്പന്‍ സ്‌ക്രീന്‍ പ്രസന്‍സും വേറിട്ട ലുക്കും മാസ് ആക്ഷന്‍ രംഗങ്ങളും തിയേറ്ററുകളെ ആവേശത്തിലാഴ്ത്തുന്നുണ്ടെങ്കിലും, ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. മൂന്നു മണിക്കൂറിലധികം നീളുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യവും തിരക്കഥയുടെ വേഗതയും പ്രേക്ഷകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയാണ്.
നയന്‍താര, കിയാര അദ്വാനി, രുക്മിണി വസന്ത്, താരാ സുതാരിയ, ഹുമ ഖുറേഷി, സുദേവ് നായര്‍ എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്ന പാന്‍-ഇന്ത്യന്‍ ചിത്രം വരും ദിവസങ്ങളിലെ അവധി ദിനങ്ങളില്‍ കൂടുതല്‍ വലിയ ബോക്‌സ് ഓഫീസ് തരംഗം സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.