'ടോക്സിക്കി'ൽ റായ,ടിക്കറ്റ് എന്നീ കഥാപാത്രങ്ങളായി യഷ് സ്ക്രീൻ​ഗ്രാബ്
Kannada

ടോക്‌സിക്' ആദ്യദിനം 100 കോടിയിലേക്ക്; ബുക്ക്‌മൈഷോയില്‍ വിറ്റത് 6.83 ലക്ഷം ടിക്കറ്റ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

'കെജിഎഫ്' പരമ്പരയിലൂടെ ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത കന്നഡ സൂപ്പര്‍താരം യഷിന്റെ ഏറ്റവും പുതിയ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' റിലീസിന് മുന്നേ തന്നെ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കുകയാണ്.

റിലീസ് ദിനത്തില്‍ തന്നെ ആഗോളതലത്തില്‍ 100 കോടി രൂപ സ്വന്തമാക്കുമെന്ന വ്യക്തമായ സൂചന നല്‍കിയാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് വില്പന പുരോഗമിക്കുന്നത്. യഷിന്റെ കര്‍ണാടകയ്ക്ക് പുറത്തുള്ള ജനപ്രീതിയും വിപണി മൂല്യവും വീണ്ടും തെളിയിക്കുന്നതാണ് ഈ റെക്കോഡ് കുതിപ്പ്.

ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക്‌മൈഷോയില്‍ 6.83 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ച് എക്കാലത്തെയും മികച്ച അഡ്വാന്‍സ് ടിക്കറ്റ് വില്പനയുള്ള ടോപ്പ് 10 ചിത്രങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തുവാന്‍ 'ടോക്‌സിക്കിന്' സാധിച്ചു.

'കല്‍ക്കി 2898 എ.ഡി', 'ജയിലര്‍' എന്നീ വമ്പന്‍ ഹിറ്റുകളുടെ ടിക്കറ്റ് വില്പന റെക്കോഡുകളെ പിന്നിലാക്കിയാണ് യാഷ് ചിത്രത്തിന്റെ മുന്നേറ്റം. കര്‍ണാടകയില്‍ മാത്രം 17 കോടി രൂപയിലധികം അഡ്വാന്‍സ് കളക്ഷന്‍ നേടിക്കഴിഞ്ഞ ചിത്രം ബെംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ ഹൗസ്ഫുള്‍ ഷോകളുമായി കുതിക്കുകയാണ്.

'ടോക്സിക്' പോസ്റ്റർ

ദേശീയ മള്‍ട്ടിപ്ലക്‌സ് ശൃംഖലകളായ പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ നിന്നായി കോടിക്കണക്കിന് രൂപയുടെ ബിസിനസ് ആണ് ചിത്രം ഇതിനകം ഉറപ്പിച്ചത്. ഇന്ത്യയിലൊട്ടാകെ 33 കോടി രൂപയോളം അഡ്വാന്‍സ് ബുക്കിങ് നേടി മുന്നേറുമ്പോള്‍, ഹിന്ദി പതിപ്പ് മാത്രം ആദ്യദിനം 40 കോടി കളക്ഷന്‍ മറികടക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.

വിദേശ വിപണിയിലും ടോക്‌സിക് തരംഗം പ്രകടമാണ്. യുകെയില്‍ മാത്രം 400-ലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം, യുഎസിലും സമാനതകളില്ലാത്ത ബുക്കിങ് റെക്കോഡുകളാണ് സ്വന്തമാക്കുന്നത്.

'ടോക്സിക്കി'ൽ യഷ്

മലയാളി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍, റിലീസിന് മുന്നേ തന്നെ സിനിമാ ലോകത്ത് സൃഷ്ടിച്ച തരംഗം ചെറുതല്ല. സാങ്കേതിക തികവോടെയും വലിയ താരനിരയോടെയും എത്തുന്ന 'ടോക്‌സിക്' ആദ്യദിന കളക്ഷനില്‍ പുതിയ ചരിത്രം കുറിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.