'ടോക്സിക്' ടീസറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Kannada

'ടോക്‌സിക്' വീണ്ടും വിവാദച്ചുഴിയില്‍; സെയ്ന്റ് മിഖായേലിനെ അപമാനിച്ചെന്ന് പരാതി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ചിത്രീകരണം തുടങ്ങുന്നതിനു മുമ്പുതന്നെ ആരംഭിച്ച വിവാദം റിലീസിന് തയാറെടുക്കുന്ന ഘട്ടത്തിലും പാന്‍ ഇന്ത്യന്‍ നായകന്‍ യാഷിന്റെ 'ടോക്‌സിക്കി'നെ വിട്ടൊഴിയുന്നില്ല. കെജിഎഫ് നായകന്റെ ചിത്രത്തിന്റെ ടീസറിലെ ചില ദൃശ്യങ്ങള്‍ ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന് ആരോപിച്ച് നാഷണല്‍ ക്രിസ്ത്യന്‍ ഫെഡറേഷന്‍ പരാതി നല്‍കി.

ചിത്രത്തിന്റെ ടീസറില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ രൂപത്തിനു മുന്നില്‍ അശ്ലീലവും ആക്ഷേപകരവുമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് സംഘടനയുടെ ഭാരവാഹികള്‍ പ്രധാനമായും ആരോപിക്കുന്നത്. സെമിത്തേരിയുടെ പശ്ചാത്തലത്തിലുള്ള സീനില്‍, വിശുദ്ധ മിഖായേലിന്റെ പ്രതിമയ്ക്ക് മുന്‍പില്‍ അശ്ലീലച്ചുവയുള്ള ദൃശ്യങ്ങളും വെടിവയ്പും കാണിക്കുന്നത് വിശ്വാസികളെ അവഹേളിക്കാനാണെന്ന് സംഘടന കുറ്റപ്പെടുത്തുന്നു.

'ടോക്സിക്' ടീസറിൽ നിന്ന്

ടീസറിലെ വിവാദ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍നിന്നും മറ്റ് പ്ലാറ്റ്ഫോമുകളില്‍നിന്നും ഉടന്‍ നീക്കം ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം. അണിയറപ്രവര്‍ത്തകര്‍ ക്രൈസ്തവ സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും സംഘടനയുടെ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, സെന്‍സര്‍ ബോര്‍ഡ്, കര്‍ണാടക ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് സംഘടന ഔദ്യോഗികമായി പരാതി നല്‍കിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

'ടോക്സിക്' ടീസറിൽ നിന്ന്

ഇതാദ്യമായല്ല 'ടോക്‌സിക്' ടീസര്‍ വിവാദത്തിലാകുന്നത്. ടീസറിലെ ദൃശ്യങ്ങള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടിയുടെ വനിതാ വിഭാഗം നേരത്തെ കര്‍ണാടക വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ സെറ്റ് തയാറാക്കുന്നതിനായി അനധികൃതമായി മരങ്ങള്‍ മുറിച്ചു എന്നാരോപിച്ച് നിര്‍മാതാക്കള്‍ക്കെതിരെ കര്‍ണാടക വനംവകുപ്പ് നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ വിവാദത്തില്‍ എന്തു നടപടികളാണ് അണിയറക്കാരും സൂപ്പര്‍താരം യാഷും സംവിധായക ഗീതു മോഹന്‍ദാസും നേരിടേണ്ടിവരികയെന്ന് ഉറ്റുനോക്കുകയാണ് ചലച്ചിത്രലോകം.