ടോക്സിക് പോസ്റ്ററിൽ യാഷ് അറേഞ്ച്ഡ്
Kannada

'ടോക്സിക്' ഐഎംഡിബി പ്രതീക്ഷാപ്പട്ടികയിൽ ഒന്നാമത്

പപ്പപ്പ ഡസ്‌ക്‌

ഐഎംഡിബിയുടെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻസിനിമകളുടെ പട്ടികയിൽ ​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ ഒന്നാമത്. റോക്കിങ് സ്റ്റാർ യാഷ് നായകനായ ഈ ചിത്രം, 28 ശതമാനം ജനപ്രീതിയോടെയാണ് ഐഎംഡിബിയുടെ 'Most Anticipated Indian Movies' പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ ആവേശത്തിലായിരുന്നു പ്രേക്ഷകർ; അടുത്തിടെ യാഷിൻ്റെ, ജന്മദിനത്തോടനുബന്ധിച്ച് പുറത്ത് വിട്ട ടീസർ, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മാസ്സും ആറ്റിറ്റ്യൂഡും നിറഞ്ഞ ‘റായ’ എന്ന കഥാപാത്രമായാണ് യാഷ് എത്തുന്നത്. മലയാളി പ്രേക്ഷകരെ സംബന്ധിച്ചടുത്തോളം, ഒട്ടേറെ പ്രത്യേകത ഉള്ള ചിത്രമാണ് ടോക്സിക്. മൂത്തോൻ, ലയേഴ്സ് ഡൈസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസിന്റെസംവിധാന സംരംഭമാണിത്.

യാഷിന് കേരളത്തിലുള്ള ജനപ്രീതിയും ടോക്സിക്കിന് കേരളത്തിലെ പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യതയ്ക്ക് മറ്റൊരു കാരണമാണ്. യാഷിൻ്റെ മുൻ ചിത്രങ്ങളായ കെ.ജി.എഫ് ചാപ്റ്റർ 1, 2 എന്നിവ കേരളാ ബോക്സ് ഓഫീസിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവിയാണ് ഛായാഗ്രാഹകൻ. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച സിനിമ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും.

ഐഎംഡിബിയുടെ 'Most Anticipated Indian Movies' പട്ടിക

കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതരിയ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രവി ബസ്രൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിങ്ങും ടി.പി അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. വലിയ ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിനായി അണിയറയിൽ ഒരുങ്ങുന്നത്. 'ജോൺ വിക്ക്' സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ ആക്ഷൻ ഡയറക്ടർമാർ അൻബറിവ്, കെച്ച കെംബക്ഡി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ആക്ഷൻ കൊറിയോഗ്രാഫി. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് നിർമ്മിക്കുന്ന 'ടോക്സിക്', 2026 മാർച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്‌വ പ്രമാണിച്ച് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.