സിനിമയിലെ പെണ്‍കരുത്ത് വെള്ളിത്തിരയില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടി സപ്തമി ഗൗഡ. 'കാന്താര' എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയയായ താരം, പൊതുവേദികളില്‍ വനിതാതാരങ്ങള്‍ നേരിടുന്ന മോശമായ പെരുമാറ്റങ്ങള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. നടിമാരുടെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി ക്യാമറ സൂം ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പ്രവൃത്തിയെ കടുത്ത ഭാഷയിലാണ് താരം വിമര്‍ശിച്ചത്.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സപ്തമി പങ്കുവച്ച കുറിപ്പ് വലിയ ചര്‍ച്ചയായി. പൊതുപരിപാടികളില്‍ എത്തുമ്പോള്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന തരത്തില്‍ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തി പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സപ്തമി തുറന്നടിച്ചു. 'ഞങ്ങള്‍ നിലകൊള്ളുന്നത് കലയ്ക്കും സിനിമയ്ക്കും വേണ്ടിയാണ്. ബോധപൂര്‍വം ശരീരഭാഗങ്ങള്‍ സൂം ചെയ്ത ചിത്രമെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും അപലപനീയമായ പ്രവൃത്തിയാണ്. ഇതു നടിമാരുടെ അന്തസിനുമേലുള്ള കടന്നുകയറ്റമാണ്. പ്രൊഫഷണലിസവും അടിസ്ഥാനപരമായ ബഹുമാനവും വനിതകള്‍ പ്രതീക്ഷിക്കുന്നുണ്ട്-' -സപ്തമി പറഞ്ഞു.
#ActorsNotObjects എന്ന ഹാഷ്ടാഗോടെയാണ് താരം തന്റെ പോസ്റ്റ് പങ്കുവച്ചത്. ചലച്ചിത്രമേഖലയിലെ ഒട്ടേറെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും സപ്തമി ആഹ്വാനം ചെയ്തു.
ദുനിയ സൂരിയുടെ 'പോപ്കോണ്‍ മങ്കി ടൈഗര്‍' എന്ന ചിത്രത്തിലൂടെയാണ് സപ്തമി അഭിനയരംഗത്തേക്ക് എത്തിയത്. ഋഷഭ് ഷെട്ടിയുടെ 'കാന്താര'യിലെ ലീല എന്ന കഥാപാത്രമാണ് സപ്തമിയുടെ കരിയറില്‍ വഴിത്തിരിവായത്. ദി വാക്സിന്‍ വാര്‍ (ഹിന്ദി), യുവ, ദി റൈസ് ഓഫ് അശോക (കന്നഡ) എന്നിവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങള്‍.
ദുനിയ സൂരിയുടെ 'പോപ്കോണ്‍ മങ്കി ടൈഗര്‍' എന്ന ചിത്രത്തിലൂടെയാണ് സപ്തമി അഭിനയരംഗത്തേക്ക് എത്തിയത്. ഋഷഭ് ഷെട്ടിയുടെ 'കാന്താര'യിലെ ലീല എന്ന കഥാപാത്രമാണ് സപ്തമിയുടെ കരിയറില്‍ വഴിത്തിരിവായത്. ദി വാക്സിന്‍ വാര്‍ (ഹിന്ദി), യുവ, ദി റൈസ് ഓഫ് അശോക (കന്നഡ) എന്നിവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങള്‍.
സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ക്കും വ്യൂസിനും വേണ്ടി നടിമാരുടെ വസ്ത്രധാരണത്തെയും ശരീരത്തെയും മോശമായി ചിത്രീകരിക്കുന്ന ഒരു വിഭാഗം ആളുകള്‍ക്ക് സപ്തമിയുടെ ഈ വാക്കുകള്‍ കൃത്യമായ താക്കീതാണ്.