ഇന്ത്യന്‍ ചലച്ചിത്രസംഗീതലോകത്തെ അതുല്യ ഗായിക എസ്. ജാനകി എന്ന ജാനകിയമ്മയുടെ വിയോഗത്തില്‍ വിതുമ്പുകയാണ് രാജ്യം. ഭാഷകളുടെ അതിരുകള്‍ക്കപ്പുറം മനുഷ്യഹൃദയങ്ങളെ തന്റെ വശ്യമായ ശബ്ദത്തിലൂടെ ചേര്‍ത്തുവെച്ച ജാനകിയമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കന്നഡ സിനിമയിലെ പ്രമുഖര്‍. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖങ്ങളിലാണ് മൈക്രോഫോണിന് പിന്നിലെ ആ വ്യക്തിപ്രഭാവത്തെക്കുറിച്ചും മാതൃസ്‌നേഹത്തെക്കുറിച്ചും അവര്‍ വാചാലരായത്.
കന്നഡ ഭാഷയുമായി ജാനകിയമ്മയ്ക്ക് ദശാബ്ദങ്ങളുടെ ആത്മബന്ധമുണ്ട്. മാതൃഭാഷ തെലുങ്കായിരുന്നിട്ടും കന്നഡ ഭാഷയെയും അവിടുത്തെ ഉച്ചാരണശുദ്ധിയെയും അവര്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നു. ജാനകിയമ്മ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതും കന്നഡയിലാണ്. കന്നഡയിലെ പ്രശസ്ത സംഗീത സംവിധായകന്‍ ഗുരുകിരണ്‍ ജാനകിയമ്മയുടെ പ്രതിഭയെക്കുറിച്ച് അനുസ്മരിച്ചത് ഇങ്ങനെയാണ്:
'സംഗീതത്തിന്റെ പര്യായമായിരുന്നു ജാനകിയമ്മ. തികഞ്ഞ പെര്‍ഫെക്ഷനിസ്റ്റായ ഇളയരാജയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഗായികയായിരുന്നു ജാനകിയമ്മ എന്നത് തന്നെ അവരുടെ അസാമാന്യ പ്രതിഭയ്ക്ക് തെളിവാണ്. ഇന്നത്തെക്കാലത്തെപ്പോലെ പിച്ചും ശബ്ദവും തിരുത്താനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഇല്ലാതിരുന്ന കാലത്താണ് അവര്‍ തന്റെ ജീവസുറ്റ സ്വരത്തിലൂടെ നമ്മെ വിസ്മയിപ്പിച്ചത്. അവരുടെ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ തലമുറയുടെ ഭാഗ്യമായി കരുതുന്നു...'
ജാനകിയമ്മ പാടുമ്പോള്‍, ആ മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസങ്ങളും കാണാന്‍ കഴിയില്ലെന്ന് സംഗീത സംവിധായകന്‍ ആര്‍.പി. പട്‌നായിക് പറഞ്ഞു. കുട്ടികളുടെ ശബ്ദമോ, പ്രണയഭാവമോ എന്തുമാകട്ടെ, അവയൊക്കെയും പുറത്തുവന്നിരുന്നത് ആ മനസില്‍നിന്നാണ്.
ഗാനരചയിതാവ് വി. നാഗേന്ദ്ര പ്രസാദിന്റെ വാക്കുകളില്‍, പുതിയ തലമുറയിലെ പിന്നണി ഗായകര്‍ക്കു മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ജാനകിയമ്മ. ഓരോ വരികള്‍ക്കും അവര്‍ നല്‍കിയിരുന്ന ഭാവങ്ങള്‍ അതുല്യമാണ്. 1981-ല്‍ പുറത്തിറങ്ങിയ 'ഗീത' എന്ന ചിത്രത്തിലെ 'ജൊഥെയലി' എന്ന ഗാനം കന്നഡയുടെ സാംസ്‌കാരിക ഉത്സവങ്ങളിലെല്ലാം ഇന്നും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്.
ലളിതമായ വസ്ത്രധാരണവും നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ടും മുഖത്തെ ചിരിയും കൊണ്ട് ആരെയും കാന്തികമായി ആകര്‍ഷിക്കുന്നതായിരുന്നു അവരുടെ വ്യക്തിത്വം. റെക്കോഡിങ് സ്റ്റുഡിയോകളില്‍ ഗായിക എന്നതിലുപരി അമ്മയുടെ സാന്നിധ്യമാണ് ജാനകിയമ്മ പകര്‍ന്നുനല്‍കിയിരുന്നതെന്ന് കന്നഡ സിനിമാലോകത്തെ പഴയകാല കലാകാരന്മാര്‍ വിതുമ്പലോടെ ഓര്‍ക്കുന്നു.
ജാനകിയമ്മ മണ്‍മറഞ്ഞെങ്കിലും, മൈക്രോഫോണുകള്‍ക്കും സ്റ്റുഡിയോകള്‍ക്കും അപ്പുറം അവര്‍ പകര്‍ന്നുനല്‍കിയ സ്‌നേഹത്തിന്റെയും നന്മയുടെയും ഓര്‍മകള്‍ ഇന്ത്യന്‍ സംഗീതത്തിന്റെ ചരിത്രത്തില്‍ എക്കാലവും നിലനില്കും.