'കാന്താര ചാപ്റ്റർ-1' ആഗോളതലത്തില്‍ 500 കോടി കളക്ഷന്‍ പിന്നിട്ടതിനുപിന്നാലെ ഋഷഭ് ഷെട്ടി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. കഴിഞ്ഞദിവസം രാവിലെയാണ് ഋഷഭ് ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായി എത്തിയത്. ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തന്നെ കാണാനായി ക്ഷേത്രപരിസരത്ത് തടിച്ചുകുടിയ ആരാധകരെ താരം അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. പരമ്പരാഗത ദക്ഷിണേന്ത്യന്‍ വസ്ത്രമാണ് താരം ധരിച്ചിരുന്നത്.
'കാന്താര' ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ ചിത്രമായി മാറി. 125 കോടി രൂപ കളക്ഷന്‍ നേടിയ 'സു ഫ്രം സോ'യെ മറികടന്നു. വര്‍ഷാദ്യം പുറത്തിറങ്ങിയ രാം ചരണിന്റെ തെലുങ്ക് ഹിറ്റ് 'ഗെയിം ചേഞ്ചറി'ന്റെയും സല്‍മാന്‍ ഖാന്റെ 'സിക്കന്ദറി'ന്റെയും ലൈഫ് ടൈം കളക്ഷനും കാന്താര മറികടന്നു. രജനീകാന്തിന്റെ 'കൂലി', പവന്‍ കല്യാണിന്റെ 'ദേ കോള്‍ ഹിം ഒജി' എന്നിവയ്ക്ക് ശേഷം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കളക്ഷന്‍ നേടുന്ന ചിത്രമായി മാറി 'കാന്താര'.
ആഭ്യന്തര ബോക്‌സ് ഓഫീസില്‍ ഇതുവരെ ചിത്രം 334.94 കോടിയിലേറെ നേടി. ഹിന്ദി പതിപ്പ് മികച്ച പ്രകടനം കാഴ്ചവച്ചു. ആറുദിവസം കൊണ്ട് 100 കോടി രൂപയിലേറെയാണ് വാരിക്കൂട്ടിയത്.