'കാന്താര' സിനിമകളിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി ഇൻസ്റ്റഗ്രാമിൽ തന്റെ ഫോളോവിങ് ലിസ്റ്റിൽ വരുത്തിയ മാറ്റങ്ങൾ സിനിമാലോകത്ത് ചർച്ചയാകുന്നു. കാന്താര ചാപ്റ്റർ 1-ലെ സഹതാരങ്ങളായ രുക്മിണി വസന്ത്, രാജ് ബി. ഷെട്ടി എന്നിവരെ ഋഷഭ് അൺഫോളോ ചെയ്തതാണ് ആരാധകർക്കിടയിൽ ചർച്ചയായത്.
സഹതാരങ്ങളെക്കൂടാതെ, കാന്താര ചിത്രങ്ങളുടെ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസിനെയും ഋഷഭ് ഷെട്ടി ഇൻസ്റ്റഗ്രാമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നിർമാണക്കമ്പനിയുടെയുടെ അമരക്കാരനായ വിജയ് കിരഗന്ദൂരിനെ അദ്ദേഹം ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രിയപ്പെട്ട താരങ്ങൾക്കിടയിൽ എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടോ എന്ന ആശങ്കയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഇതുവരെ ഋഷഭോ ബന്ധപ്പെട്ട മറ്റാരെങ്കിലുമോ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നടനായും സംവിധായകനായും കാന്താരയിൽ തിളങ്ങിയ ഋഷഭ് ഷെട്ടിയുടെ പുതിയ പ്രോജക്ട് പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന "ജയ് ഹനുമാൻ' ആണ്.