റോക്കിങ് സ്റ്റാർ യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിലെ നയൻതാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർടോക്സിക് എന്ന ചിത്രത്തിലെ നയൻതാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആവേശത്തിലായആരാധകർ പറയുന്നത് ഇതിലും മികച്ചതില്ലെന്നാണ്. ഗംഗ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. പുതുവത്സരത്തേലേന്നു പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ നയൻതാര ശക്തവും ഗൗരവമുള്ള ലുക്കിലാണ്. വലിയ കാസിനോയുടെ പ്രവേശന കവാടത്തിൽ തോക്കുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ. ശക്തയും നിർഭയയുമായ സ്ത്രീയാണ് ഗംഗ.
നയൻതാരയെ ഇതുവരെയുള്ള കരിയറിൽനിന്നു വ്യത്യസ്തമായ രീതിയിൽ ടോക്സിക്കിൽ അവതരിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് ചിത്രത്തിന്‍റെ സംവിധായിക ഗീതു മോഹൻദാസ് പറഞ്ഞു. ഗീതു മോഹൻദാസിന്‍റെ വാക്കുകൾ: നമ്മളെല്ലാവരും നയൻതാരയുടെ നിരവധി കഥാപാത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ടോക്സിക്കിൽ നിശബ്ദമായി, പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്ന പ്രതിഭയെ പ്രേക്ഷകർ കാണും. നയൻതാരയെ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. അതേസമയം, ഷൂട്ടിങ് പുരോഗമിക്കുമ്പോൾ, അവരുടെ സ്വന്തം വ്യക്തിത്വം കഥാപാത്രത്തിന്റെ ആത്മാവിനെ എത്രത്തോളം സ്വാധീനിച്ചുവെന്ന് എനിക്കു ബോധ്യപ്പെട്ടു- ഗീതു പറഞ്ഞു.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തുവിട്ടിരുന്നു. കിയാര അദ്വാനിയെ നാദിയ എന്ന പേരിലും ഹുമ ഖുറേഷിയെ എലിസബത്ത് എന്ന പേരിലുമാണ് നേരത്തെ പരിചയപ്പെടുത്തിയത്. കെജിഎഫ് 2- ന് ശേഷം യാഷിന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ടോക്സിക്കിനെ ആഘോഷമാക്കുന്നത്.
യാഷും ഗീതു മോഹന്ദാസും ചേർന്ന് രചന നിർവഹിച്ച ‘ടോക്സിക്’ സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ് ചെയ്യപ്പെടും.ദേശീയ അവാർഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിങ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരടങ്ങുന്ന ശക്തമായ സാങ്കേതിക സംഘമാണ് ചിത്രത്തിന് പിന്നിൽ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയുടെയും ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ് ടീമിന്റെയും കേച കെംപക്ഡിയുടെയും നേതൃത്വത്തിലാണ് ഹൈ-ഓക്‌ടെയിൻ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെ വി എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഗംഭീര റിലീസിനൊരുങ്ങുന്നു.