മേഘ്നരാജും ചിരഞ്ജീവി സര്‍ജയും,മേഘ്ന രജനികാന്തിനൊപ്പം ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Kannada

ചിരുവിന്റെ സ്വപ്നം സത്യമായി; രജനികാന്തിനൊപ്പം മേഘ്ന രാജ് 'ജയിലര്‍ 2'-ല്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

അന്തരിച്ച കന്നഡതാരം ചിരഞ്ജീവി സര്‍ജയുടെ വലിയൊരു സ്വപ്നം യാഥാര്‍ഥ്യമാക്കി ഭാര്യയും നടിയുമായ മേഘ്ന രാജ്. രജനികാന്ത് നായകനാകുന്ന 'ജയിലര്‍ 2' എന്ന ചിത്രത്തില്‍ മേഘ്ന പ്രധാന വേഷത്തില്‍ എത്തുന്നു. തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

തന്റെ ഭര്‍ത്താവ് ആരാധനയോടെ കണ്ടിരുന്ന 'ഇന്ത്യന്‍ സിനിമയുടെ ദൈവത്തിനൊപ്പം' അഭിനയിക്കാന്‍ സാധിച്ചത് അദ്ദേഹത്തിനുള്ള സമര്‍പ്പണമായാണ് മേഘ്ന കാണുന്നത്. 'ഈ വാര്‍ഷികം വെറുമൊരു തീയതിയല്ല ചിരൂ, അതൊരു വികാരമാണ്. എന്റെ ഓരോ ചുവടിലും നിങ്ങളുണ്ട്. രജനി സാറിനൊപ്പമുള്ള സിനിമ നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്നമായിരുന്നു...' മേഘ്ന കുറിച്ചു.

ചിരഞ്ജീവി സര്‍ജ രജനികാന്തിനൊപ്പം

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' ലൂടെ തമിഴ് സിനിമയിലേക്ക് മേഘ്ന രാജ് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. രജനികാന്തിനൊപ്പം തന്റെ മകനും ഒന്നിച്ചുള്ള ചിത്രങ്ങളും മേഘ്ന പങ്കുവച്ചു. തമിഴിന് പുറമെ മലയാളത്തിലും മേഘ്ന സജീവമാകുകയാണ്. സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പന്‍' എന്ന ചിത്രത്തിലൂടെയാണ് മേഘ്നയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവ്.

ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിനു ശേഷം സിനിമയില്‍നിന്നു വിട്ടുനിന്ന മേഘ്നയുടെ നേട്ടം ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.