ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റര്‍ 1' ബോക്‌സ്ഓഫീസില്‍ കുതിപ്പുതുടരുകയാണ്. കാന്താര ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന കന്നഡ ചിത്രമായി മാറി. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പും വന്‍ കളക്ഷനാണ് നേടുന്നത്.
ഋഷഭിനൊപ്പം രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍നിന്നുമാത്രം 150 കോടിയിലേറെ രൂപ നേടി. ട്രേഡ് പോര്‍ട്ടലായ സാക്‌നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം, ശനിയാഴ്ച ചിത്രം ഏകദേശം 55.25 കോടി രൂപ നേടി. ഇതോടെ മൊത്തം ആഭ്യന്തര വരുമാനം 163.1 കോടി രൂപയായി. അതേദിവസം, കന്നഡ പതിപ്പ് 14.5 കോടി രൂപ നേടിയപ്പോള്‍ തെലുങ്ക് പതിപ്പ് 11.75 കോടി രൂപ നേടി. ഹിന്ദി പതിപ്പ് മാത്രം 19 കോടി രൂപയും തമിഴില്‍ നിന്ന് 5.75 കോടി രൂപയും മലയാളത്തില്‍ നിന്ന് 4.25 കോടി രൂപയും നേടി.
മൂന്നാം ദിവസവും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 93 ശതമാനത്തിലേറെ ഒക്യുപെന്‍സിയുമായി കന്നഡ പതിപ്പ് ആധിപത്യം തുടര്‍ന്നു. തെലുങ്കില്‍ രാവിലെ 36.71 ശമാനമായിരുന്നത് രാത്രിയായപ്പോള്‍ 87.71 ശതമാനായി വര്‍ധിച്ചു. മലയാളം 34.40 ശതമാനത്തില്‍നിന്ന് 80.50 ശതമാനമായി ഉയര്‍ന്നു. അതേസമയം തമിഴ് വൈകുന്നേരങ്ങളില്‍ 37.43 ശതമാനത്തില്‍നിന്ന് 92.50 ശതമാനമായി വന്‍ കുതിപ്പ് രേഖപ്പെടുത്തി. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകമെമ്പാടുമായി 215 കോടിയിലേറെ നേടി കാന്താര ജൈത്രയാത്ര തുടരുകയാണ്.